കപ്പൽ മത്സ്യബന്ധന യാനത്തിൽ ഇടിച്ച സംഭവം: 18 ലക്ഷം നഷ്ടപരിഹാരം നൽകി
Monday, October 6, 2025 5:22 AM IST
ഫോര്‍ട്ടുകൊച്ചി: കൊച്ചി തീരത്ത് ചരക്കുകപ്പല്‍ മത്സ്യബന്ധന യാനത്തില്‍ ഇടിച്ച് തകരാര്‍ ഉണ്ടായ സംഭവത്തില്‍ കപ്പല്‍ കമ്പനി യാനം ഉടമയ്ക്ക് 18 ലക്ഷം രൂപ നഷ്ടപരിഹാരം നല്കി.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് എംഎസ്സി കമ്പനിയുടെ സില്‍വര്‍ രണ്ട് കപ്പല്‍ മത്സ്യ ബന്ധനയാനത്തിന് നേരേ എത്തിയത്. മത്സ്യത്തൊഴിലാളികള്‍ ഒച്ചവച്ചതിനെ തുടര്‍ന്ന് കപ്പല്‍ ക്യാപ്റ്റന്‍ ബോട്ട് നിര്‍ത്തിയതിനാൽ മത്സ്യത്തൊഴിലാളികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ബോട്ടിന്റെ പിന്‍ഭാഗത്ത് കപ്പല്‍ ഇടിച്ചു നില്ക്കുന്ന നിലയുണ്ടായി.
ഇതേ തുടര്‍ന്ന് യാനത്തിന് ഭാഗമായി തകരാര്‍ സംഭവിച്ചിരുന്നു. പിടിച്ച മത്സ്യംനഷ്ടപ്പെടുകയും വല തകരുകയും ചെയ്തിരുന്നു. കപ്പല്‍ കമ്പനിയും യാനത്തിന്റെ ഉടമയും പരമ്പരാഗത മത്സ്യത്തൊഴിലാളി സംഘടനയും നടത്തിയ ചര്‍ച്ചയിലാണ് ഒത്ത് തീര്‍പ്പ്. ഇതോടെ കോസ്റ്റല്‍ പോലീസിന് നല്കിയ പരാതിപിന്‍വലിച്ചു.