ജീവിതവ്യഥകളുടെ ഗൂഢലിപികൾ
എസ്. ജയകൃഷ്ണൻ
Monday, October 6, 2025 5:22 AM IST
‘ഓർമകളുടെ സഞ്ചയമാണ് മനുഷ്യൻ’ എന്ന് ഇ. സന്തോഷ് കുമാർ എഴുതിയത് ‘ജ്ഞാനഭാരം’ എന്ന നോവലിലാണ്. അതേ ഓർമകളുടെ തുടർച്ചയും ഉൾത്താപവുമാണ് വയലാർ അവാർഡ് നേടിയ ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിയുടേയും ആത്മാവ്. ഓർമകളുടെ ആനന്ദഭാരവും അനുഭവങ്ങളുടെ തീക്ഷ്ണവൈപരീത്യങ്ങളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ എന്നും വേട്ടയാടുന്നു.
അഭയാർഥികളുടെ ജീവിതത്തെക്കുറിച്ച് പറയുന്പോഴും ‘തപോമയിയുടെ അച്ഛൻ’ വ്യക്തിപരമായ ദുരന്തം പേറുന്ന കഥാപാത്രങ്ങളിലൂടെയാണു വായനക്കാരുടെ മനസിലേക്കു കടന്നുകയറുന്നത്. തപോമയിയുടെ അച്ഛനായ ഗോപാൽ ബറുവയുടെ നിഴലും വെളിച്ചവും ഇടകലർന്ന മനോവ്യാപാരങ്ങളിലേക്കു വഴിനടത്തുന്ന ഗൂഢലിപികളുടെ കെട്ടഴിയുന്നതോടെ എഴുത്തുകാരനും എഴുത്തും വായനക്കാരനും ഒരേ ശ്രുതിയിൽ ലയിക്കുന്നു.
വായനക്കാരന്റെ സർഗാത്മകതകൂടി ചേരുന്പോഴാണ് ഒരു കൃതി പൂർണമാകുന്നതെന്ന് പറയാറുണ്ട്. വെറുംവായനയ്ക്കപ്പുറം വായനക്കാരന്റെ ബുദ്ധിയും ചിന്തയും ഭാവനയും കൂടി പ്രവർത്തിക്കുന്പോഴാണ് മികച്ച രചനകൾ മഹത്തരമാകുന്നത്. വായനക്കാരെ ഉത്തേജിപ്പിച്ചുണർത്തുന്ന അത്തരം പുസ്തകങ്ങളുടെ നിരയിലാണ് ‘തപോമയിയുടെ അച്ഛന്റെ’ സ്ഥാനം.
മൂന്നു പതിറ്റാണ്ടോളമെത്തുന്നതാണ് ഇ. സന്തോഷ് കുമാറിന്റെ എഴുത്തുജീവിതം. ഇതിനിടെ ഏഴു നോവലുകൾ, പത്തിലേറെ കഥാസമാഹാരങ്ങൾ, ബാലസാഹിത്യ കൃതികൾ, നൊവെല്ലകൾ, ലേഖന സമാഹാരം, പരിഭാഷ എന്നിങ്ങനെ വൈവിധ്യപൂർണമായ രചനകൾ. തൃശൂർ ജില്ലയിലെ പട്ടിക്കാട് എന്ന ഗ്രാമത്തിൽ ജനിച്ച് സാഹിത്യലോകത്തേക്കു വളർന്ന വ്യക്തിത്വം. നാഷണൽ ഇൻഷ്വറൻസ് കന്പനിയിലെ ഉയർന്ന ഉദ്യോഗം രാജിവയ്ക്കുന്പോൾ സ്വന്തം ഹൃദയം മന്ത്രിച്ച വാക്കുകളാണ് അദ്ദേഹം കേട്ടത്. ഇനിയുമേറെ ഉയരാമായിരുന്ന ഉദ്യോഗം കളയുന്പോൾ ചുറ്റുംനിന്ന് അരുതെന്നു പറഞ്ഞവരെ വിനയപൂർവം തിരസ്കരിച്ച അദ്ദേഹം എഴുത്തിന്റെ അനിശ്ചിതത്വം നിറഞ്ഞ വഴികളിലേക്കാണു നടന്നുനീങ്ങിയത്.
ലഭിച്ച പുരസ്കാരങ്ങളല്ല ഇ. സന്തോഷ് കുമാറെന്ന എഴുത്തുകാരനെ അടയാളപ്പെടുത്തുന്നത്. മറിച്ച്, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളുടെ ഉൾക്കരുത്താണ്. കേരള സാഹിത്യ അക്കാദമി അവാർഡ് (അന്ധകാരനഴി), കോവിലൻ നോവൽ അവാർഡ്, പത്മരാജൻ സാഹിത്യ പുരസ്കാരം, ഒ.വി. വിജയൻ പുരസ്കാരം (ജ്ഞാനഭാരം) തുടങ്ങിയ പുരസ്കാരങ്ങളുടെ നിരയിലേക്ക് തലപ്പൊക്കത്തോടെ വയലാർ അവാർഡും എത്തുന്പോൾ ഉത്തരവാദിത്വത്തിന്റെ അധികനുകമാണ് എഴുത്തുകാരൻ പേറുന്നത്.
അഭയാർഥിജീവിതത്തിന്റെ ഉൾപ്പിരിവുകളിലൂടെ മനുഷ്യന്റെ അസ്തിത്വവ്യഥകളുടെ സങ്കീർണതകളിലേക്കാണ് തപോമയിയുടെ അച്ഛനും പടർന്നു പന്തലിക്കുന്നത്. സ്വന്തം വീടിനുള്ളിലേക്കു വളരുന്ന അരയാൽവൃക്ഷത്തെപ്പോലെ ജീവിതത്തിലെ ഗൂഢലിപികളുടെ ദുരൂഹതയും അവയുടെ നിർധാരണത്തിലൂടെ ലഭിക്കുന്ന ആനന്ദവും ഗോപാൽ ബറുവയെ വലയം ചെയ്യുന്നു. പുതിയ അഭയാർഥികളുടെ ജീവിതത്തിന്റെ ഇഴ പിരിച്ചെടുക്കാൻ തപോമയി ഓടിനടക്കുന്പോൾ, പൈതൃകമായി ലഭിച്ച സ്വന്തം അഭയാർഥിത്വത്തിന്റെ ഗൂഢവഴികളിലൂടെയാണ് ഗോപാൽ ബറുവയുടെ യാത്ര.
കോൽക്കത്തയും ഡൽഹിയുമാണു കഥാപരിസരം. ബംഗാളികളും തമിഴ്നാട്ടുകാരനും അഭയാർഥികളും ആഖ്യാതാവായ മലയാളികളും പുരാവസ്തു കച്ചവടക്കാരായ ‘മല്ലു മാഫിയ’യുമെല്ലാം ചേർന്ന് ഇതിനെ കറകളഞ്ഞ ഇന്ത്യൻ നോവലാക്കി മാറ്റുന്നുണ്ട്. അഭയാർഥികളുടെ നീറ്റലുകളും മനുഷ്യജീവിതത്തിന്റെ വികാരവിക്ഷോഭങ്ങളും ലോകമെങ്ങും ഒരുപോലെതന്നെ.
അധികാരത്തിന്റെ മൂല്യത്തകർച്ചയും സർഗശേഷിയുടെ ചിതറലുമായിരുന്നു സന്തോഷ് കുമാർ ‘അന്ധകാരനഴി’യിലൂടെ പറഞ്ഞത്. ‘ജ്ഞാനഭാര’ത്തിലാകട്ടെ ജ്ഞാനവിജ്ഞാനങ്ങളുടെ കുഴമറിച്ചിലുകൾ വായനക്കാരന്റെ ബൗദ്ധികതയെ ഉത്തേജിപ്പിച്ചു. പാപപുണ്യ വിവേചനം അസാധ്യമായ ജീവിതവ്യഥകളുടെ മറ്റൊരു ഭാവമാണ് തപോമയിയുടെ അച്ഛനിലൂടെ വായനക്കാരിൽ വേരുകളാഴ്ത്തുന്നത്.
സ്വാതന്ത്ര്യത്തിനുശേഷം വിഭജനത്തെക്കുറിച്ച് നമ്മൾ ഒരുപാട് വായിച്ചു. കഥകളായും നോവലുകളായും കവിതകളായും. യശ്പാലും ഭീഷ്മ സാഹ്നിയുമെല്ലാം വിവർത്തനവഴിയിലൂടെ മലയാളികളിലേക്കെത്തിയവരാണ്. അവർ വരച്ച അനുഭവതീക്ഷ്ണമായ ലോകത്തിന്റെ കനമറിഞ്ഞ മലയാളി വായനക്കാരുടെ ഹൃദയത്തിലേക്കു വീണ്ടും അഭയാർഥികളുടെ കഥ പറഞ്ഞ് കയറിപ്പറ്റുക അത്ര എളുപ്പമുള്ള കാര്യമല്ല. അസാധ്യമായത് സാധ്യമാക്കുന്പോഴും ഈ എഴുത്തുകാരൻ വിനയാന്വിതനാണ്. ജാഡയില്ലാത്ത ഏറ്റുപറച്ചിലുകളുടെ സന്തോഷത്തിലാണ് വയലാർ അവാർഡിന്റെ ഇരട്ടിമധുരം പൊതിഞ്ഞിരിക്കുന്നത്.