തൃശൂർ: നാട്ടിലെ സർവമനുഷ്യർക്കും ആശ്വാസമേകുന്ന തണൽമരമാണു പുത്തൻപള്ളിയെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
Monday, October 6, 2025 5:22 AM IST
തൃശൂർ: നാട്ടിലെ സർവമനുഷ്യർക്കും ആശ്വാസമേകുന്ന തണൽമരമാണു പുത്തൻപള്ളിയെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇവിടെയെത്തി പ്രാർഥിച്ചു മടങ്ങുന്നവരുടെ ആവശ്യങ്ങളോടു കരം കൊടുക്കുന്ന ഇടമാണു പുത്തൻപള്ളി.
മൂന്ന് മെഡിക്കൽ കോളജുകളും നിരവധി ആശുപത്രികളും നമുക്കുണ്ട്. ഡോക്ടർ നൽകുന്ന കുറിപ്പടിയിലെ മരുന്നുവാങ്ങാൻ പണമില്ലാത്ത ആരെങ്കിലുമുണ്ടെങ്കിൽ പുത്തൻപള്ളിയിലെ ഹെൽത്ത് കെയറിലെത്തിയാൽ നടത്തിക്കൊടുക്കും. അതിൽ ജാതിയോ മതമോ ഒന്നുമില്ല. അഭയമില്ലാത്തവർക്ക് അഭയവും വസ്ത്രവും മരുന്നും, തണലില്ലാത്തവർക്കു തണലും കൊടുക്കാൻ പുത്തൻപള്ളിയുടെ യാത്ര തുടരണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
നാലു ചുവരുകളുള്ള കെട്ടിടം ദേവാലയമാകുന്നതു വിശ്വാസികളുടെ തീക്ഷ്ണമായ പ്രാർഥനകൊണ്ടാണെന്നും കഴിഞ്ഞ ഒരു നൂറ്റാണ്ട് ഇടവകയിലെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും സാക്ഷിയാണ് ഈ മഹാദേവാലയമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പ്രധാന വിശ്വാസകേന്ദ്രമാണു പുത്തൻപള്ളിയെന്നു മന്ത്രി കെ. രാജൻ പറഞ്ഞു.
ചില നഷ്ടങ്ങൾ നൻമയ്ക്കായി മാറുമെന്നതാണു ബസിലിക്കയുടെ ചരിത്രമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. 1925 ഒക്ടോബർ 10ന് വൈദികമന്ദിരത്തിന്റെ താഴെയുള്ള സ്കൂളിൽ അൾത്താരയിട്ടു പരിശുദ്ധ കുർബാനയോടെ ആരംഭിച്ചതാണു പുത്തൻ പള്ളി. ഏഷ്യയിലെ ഏറ്റവും വലിയ ദേവാലയമാകണമെന്ന ആഗ്രഹത്തിലാണു വാഴപ്പള്ളി പിതാവ് പ്രവർത്തനങ്ങൾ തുടങ്ങിയത്. വിശുദ്ധ ജോണ്‍ പോൾ മാർപാപ്പ ഉപയോഗിച്ച വചനവേദിയടക്കം പുത്തൻ പള്ളിയിലാണെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തയും തൃശൂർ ഭദ്രാസനാധിപനുമായ കുര്യാക്കോസ് മോർ ക്ലിമ്മിസ്, മേയർ എം.കെ. വർഗീസ്, അതിരൂപത പ്രൊക്യുറേറ്റർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി, കൗണ്‍സിലർ സിന്ധു ആന്റോ ചാക്കോള, ജനറൽ കണ്‍വീനർ ടി.കെ. അന്തോണിക്കുട്ടി, പ്രോഗ്രാം കണ്‍വീനർ ജോയ് കെ. ജോണ്‍, നടത്തുകൈക്കാരൻ ടി.ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു.