വിനോദസഞ്ചാരികളെ മർദിച്ച യുവാക്കൾക്കെതിരേ വധശ്രമത്തിനു കേസ്
Monday, October 6, 2025 5:22 AM IST
മൂന്നാർ: വിനോദസഞ്ചാരത്തിനെത്തിയ സംഘത്തെ ക്രൂരമായി തല്ലിച്ചതച്ച യുവാക്കൾക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. മൂന്നാർ ആത്തുക്കാട് സ്വദേശികളായ കൗശിക് (24), സുരേന്ദ്രൻ (25), അരുണ്‍ സൂര്യ (25) എന്നിവർക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്.
മൂന്നാർ ഡിവൈഎസ്പി ചന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികൾക്കെതിരേ നടപടി സ്വീകരിച്ചത്. ദേവികുളം സബ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിലാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിൽനിന്നെത്തിയ വിനോദസഞ്ചാരികളെയാണ് ആക്രമിച്ചത്. ആത്തുക്കാട് വെള്ളച്ചാട്ടം കാണാൻ കാറിലെത്തിയ സംഘത്തെ ബൈക്കിന് സൈഡ് നൽകിയില്ലെന്ന കാരണം കാട്ടിയായിരുന്നു ആക്രമിച്ചത്.
കാർ, ബൈക്കിൽ ഉരസിയതായി ആരോപിച്ച് ബൈക്ക് യാത്രികർ എത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം. വാക്കുതർക്കം കൈയേറ്റത്തിൽ കലാശിക്കുകയും തുടർന്ന് ഒന്‍പതു പേരടങ്ങുന്ന സംഘത്തെ കൂട്ടംചേർന്ന് മർദിക്കുകയുമായിരുന്നുവെന്നു പറയുന്നു. കല്ല് ഉപയോഗിച്ചുള്ള ആക്രമണത്തിൽ തമിഴ്നാട് ട്രിച്ചി സ്വദേശികളായ രണ്ടുപേർക്കു തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു.
പരിക്കേറ്റ അരവിന്ദ്, ഗുണശീലൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാക്കളുടെ ആക്രമണം കനത്തതോടെ നാട്ടുകാർ ഇടപെട്ടാണ് പ്രതികളെ പിടിച്ചു മാറ്റിയത്. നാട്ടുകാർ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.