നാലു വർഷത്തിനുള്ളിൽ രാജ്യത്ത് എല്ലാ പഞ്ചായത്തിലും ക്ഷീരസംഘങ്ങൾ
Monday, October 6, 2025 5:22 AM IST
പരവൂർ (കൊല്ലം): നാലു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ക്ഷീര സഹകരണ സംഘങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. ധവള വിപ്ലവം പദ്ധതി പ്രകാരം 75,000 ക്ഷീര സഹകരണ സംഘങ്ങൾ കൂടി സ്ഥാപിക്കാനാണ് കേന്ദ്രം പദ്ധതിയിട്ടുള്ളത്.
കേന്ദ്ര സർക്കാരിന്റെ സഹകരണ വകുപ്പിനു കീഴിലാണ് ക്ഷീര വികസന മേഖല പ്രവർത്തിക്കുന്നത്. കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്തെ ക്ഷീരമേഖല 70 ശതമാനം വളർച്ച കൈവരിച്ചതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും വേഗതയിൽ വളരുന്ന ക്ഷീരമേഖല ഇന്ത്യയുടെതാണെന്ന് ഇതിൽനിന്നു വ്യക്തമാണ്.
2014-15 കാലയളവിൽ ഇന്ത്യയിലെ പാലുത്പാദനം 146 ദശലക്ഷം ടണ്ണായിരുന്നു. ഇത് 2023-24 ആയപ്പോൾ 239 ദശലക്ഷം ടണ്ണായി വർധിച്ചു. എല്ലാ സംസ്ഥാന സർക്കാരുകളുടെയും ക്ഷീരവികസന വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇങ്ങനെയൊരു കുതിച്ചുചാട്ടം കൈവരിക്കാനായത്.
രാജ്യത്ത് എട്ടു കോടി കർഷകർ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായാണ് കണക്ക്. നേരത്തേ 124 ഗ്രാമായിരുന്നു പ്രതിശീർഷ പാൽ ലഭ്യത. ഇപ്പോൾ അത് 471 ഗ്രാമിൽ എത്തിനിൽക്കുന്നു.
സഹകരണ സംഘങ്ങൾ വഴിയുള്ള കുറഞ്ഞ പലിശ നിരക്കിലെ വായ്പകൾ, സമയബന്ധിതമായുള്ള വിത്ത്, വളം എന്നിവയുടെ വിതരണം, ഇൻഷ്വറൻസ്, ക്ഷേമ പദ്ധതികൾ എന്നിവയിലൂടെ കർഷകർക്കു നൽകുന്ന പിന്തുണയാണ് ഈ നേട്ടങ്ങൾക്ക് ആധാരമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.
ക്ഷീരമേഖലയ്ക്കായി മൂന്നു മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ സ്ഥാപിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.