ലാലാദരവിന് 2.84 കോടി!
Monday, October 6, 2025 5:22 AM IST
തിരുവനന്തപുരം: ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിനു സംസ്ഥാന സർക്കാർ ആദരവ് ഒരുക്കാനായി കണക്കാക്കിയ ചെലവ് 2.84 കോടി രൂപ. ‘മലയാളം വാനോളം ലാൽ സലാം ’ എന്ന പരിപാടി നടത്താൻ പ്രതീക്ഷിച്ച ചെലവാണ് രണ്ടുകോടിയിലധികം.
ഇതിൽ ഒരു കോടി സാംസ്കാരിക വകുപ്പിന്റെ അക്കൗണ്ടിൽ നിന്നും 50 ലക്ഷം രൂപ കെഎസ്എഫ്ഡിസിയുടേയും 50 ലക്ഷം രൂപ ചലച്ചിത്ര അക്കാദമിയുടെ ഫണ്ടിൽ നിന്നും ആണ് അനുവദിച്ചത്. ഇതു സംബന്ധിച്ച് സാംസ്കാരിക വകുപ്പിന്റെ ഉത്തരവ് ഒക്ടോബർ മൂന്നിനാണ് ഇറങ്ങിയത്.
സാംസ്കാരിക വകുപ്പ്, കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് എന്നി സ്ഥാപനങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ 2,84,00,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ഇതിൽ രണ്ടുകോടി രൂപ സാംസ്കാരിക വകുപ്പ്, ചലച്ചിത്ര വികസന കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി എന്നിവയുടെ പ്ലാൻ ഫണ്ടിൽ നിന്നും ചെലവഴിക്കും. ബാക്കി എണ്‍പത്തിനാലു ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര വികസന കോർപ്പറഷൻ എംഡി സർക്കാരിന് കത്തു നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. തുക ചെലവഴിച്ച് മൂന്നു മാസത്തിനകം ധനവിനിയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ സർക്കാരിനും സാംസ്കാരിക വകുപ്പിനും നല്‍കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.