ബാലികയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ചികിത്സാപ്പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്
Monday, October 6, 2025 5:22 AM IST
പാലക്കാട്: ഒമ്പതുവയസുകാരിയുടെ ഒടിഞ്ഞ കൈ മുറിച്ചുമാറ്റേണ്ട സാഹചര്യമുണ്ടായതു ജില്ലാ ആശുപത്രിയിൽനിന്നു പ്ലാസ്റ്റർ ഇട്ടതുകൊണ്ടല്ലെന്നു ഡോക്ടർമാർ. അപൂർവമായി സംഭവിക്കാവുന്ന കോംപ്ലിക്കേഷൻ മൂലമാണു കൈ മുറിച്ചുമാറ്റേണ്ടിവന്നതെന്നാണു വിശദീകരണം. ആശുപത്രിരേഖകൾ പ്രകാരം, നൽകാവുന്ന എല്ലാ ചികിത്സയും കുട്ടിക്കു നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പി.കെ. ജയശ്രീ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 24നു വൈകുന്നേരമാണ് വീണുപരിക്കേറ്റ ബാലികയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കൈയിലെ എല്ലു പൊട്ടിയിരുന്നെങ്കിലും പുറത്തേക്കു വന്നിരുന്നില്ല. കൈയിൽ ഉരഞ്ഞുണ്ടായ മുറിവിൽ മരുന്നുവച്ചതായി ആശുപത്രി രേഖകളിലുണ്ട്. കൈയുടെ എക്സ്റേ എടുത്തശേഷം പ്ലാസ്റ്ററിട്ടു. ഒരുഭാഗം മാത്രം കവർ ചെയ്യുന്ന സ്ലാബാണ് ഇട്ടത്. പിറ്റേന്ന് റിവ്യൂ നടത്തി. കൈയിൽ നീരില്ലെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
അഞ്ചു ദിവസം കഴിഞ്ഞ് വീണ്ടും വരാൻ നിർദേശിച്ചു. അതിനൊപ്പം കൈയിൽ നീര്, വേദന, കൈ അനക്കാൻ പ്രയാസം, തരിപ്പ്, നിറവ്യത്യാസം എന്നിവ ഉണ്ടെങ്കിൽ ഉടനെ വരണമെന്നും നിർദേശം നൽകിരുന്നു. എന്നാൽ സെപ്റ്റംബർ 30നാണു കടുത്ത വേദനയോടെ കുട്ടിയുമായി ബന്ധുക്കൾ വന്നത്. തുടർന്ന് സ്കാനിംഗ് നടത്തിയപ്പോഴാണു രക്തയോട്ടം നിലച്ചതായി വ്യക്തമായത്. ഉടനെ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ രക്ഷപ്പെടുത്താനാണു കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചതെന്നും ഡോക്ടർമാർ പറഞ്ഞു.
രക്തക്കുഴലിന്റെ ഇന്നർ ലെയറിൽ പരിക്കുണ്ടെങ്കിൽ പുറമേ അറിയില്ല. എല്ലുപൊട്ടിയ കേസുകൾ ജില്ലാ ആശുപത്രിയിൽ മാസത്തിൽ ആയിരത്തിലേറെ വരുന്നുണ്ട്. അവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതു പ്രായോഗികമല്ല.
ഈ സാഹചര്യത്തിൽ നൽകാവുന്ന ഏറ്റവും നല്ല ചികിത്സയാണു കുട്ടിക്കു നൽകിയതെന്നും ചികിത്സാപിഴവില്ലെന്നും ഡോക്ടർമാർ പറഞ്ഞു. കൃത്യമായ പ്രോട്ടോകോൾ പ്രകാരമാണു കാര്യങ്ങൾ ചെയ്തിട്ടുള്ളത്. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ജില്ലാ ആശുപത്രിയിലെ ഓർത്തോ-1 യൂണിറ്റ് ചീഫ് ഡോ. ടോണി ജോസഫ്, കെജിഎംഒഎ ജില്ലാ സെക്രട്ടറി ഡോ. വൈശാഖ് ബാലൻ, ട്രഷറർ ബിബിൻ ചാക്കോ എന്നിവരും പങ്കെടുത്തു.