അഞ്ച് ചുരങ്ങൾക്കിടയിൽ വീർപ്പടക്കി വയനാട്
Monday, October 6, 2025 5:45 AM IST
ടി.എം. ജയിംസ്
അഞ്ച് ചുരങ്ങള്‍ക്കിടയിലാണ് വയനാട് എന്ന ഭൂപ്രദേശം. നാടുകാണി, താമരശേരി, കുറ്റ്യാടി, പേര്യ, പാല്‍ച്ചുരം എന്നിവയാണ് വയനാടിന് അതിരിടുന്നതും അല്ലാത്തതുമായ ചുരങ്ങള്‍. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കു പോകാനും വരാനും വയനാട്ടുകാര്‍ ഈ ചുരങ്ങളിലൂടെയുള്ള പാതകളിലൊന്നു താണ്ടണം.
ജില്ലയില്‍നിന്നു നീലഗിരിയിലെ ഗൂഡല്ലൂര്‍ താലൂക്കില്‍പ്പെട്ട കൈതക്കൊല്ലിയിലൂടെ മലപ്പുറം ജില്ലയിലെ വഴിക്കടവില്‍ എത്തുന്നതാണ് നാടുകാണി ചുരത്തിലൂടെയുള്ള പാത. തെക്കേവയനാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ കോഴിക്കോട് ജില്ലയുമായി ബന്ധപ്പെടുത്തുന്നതാണ് താമരശേരി ചുരം റോഡ്. വടക്കേ വയനാട്ടില്‍നിന്നു കുഞ്ഞോം, കോറോം പ്രദേശങ്ങളിലൂടെ കോഴിക്കോട് ജില്ലയിലേക്കു കടക്കാന്‍ സഹായിക്കുന്നതാണ് കുറ്റ്യാടി ചുരംപാത. വയനാട്ടില്‍നിന്നു കണ്ണൂര്‍ ജില്ലയിലേക്കു പോകാന്‍ ഉതകുന്നതാണ് കുറ്റ്യാടി ചുരത്തിലൂടെയും പാല്ച്ചുരത്തിലൂടെയുമുള്ള വഴികള്‍.
ചുരംപാതകളില് ഏറ്റവും പ്രധാനപ്പെട്ടതാണ് ദേശീയപാത 766ന്റെ ഭാഗമായ താമരശേരി ചുരം റോഡ്. വയനാട്ടിലെ ലക്കിടിക്കടുത്ത് ആരംഭിച്ച് കോഴിക്കോട് ജില്ലയിലെ അടിവാരത്തിനു സമീപം അവസാനിക്കുന്ന വിധത്തിലാണ് ഒമ്പത് മുടിപ്പിന് വളവുകളുള്ള താമരശേരി ചുരം. ദിവസവും നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി ഓടുന്നത്. ടൂറിസ്റ്റുകളുടേതടക്കം യാത്രാവാഹനങ്ങളും മള്‍ട്ടി ആക്സില്‍ ട്രക്കുകളടക്കം ചരക്കുവണ്ടികളും ആംബുലന്‍സുകളും ഇതില്‍ ഉള്‍പ്പെടും. കൊച്ചിക്കും കര്‍ണാടകയിലെ ബംഗളൂരുവിനുമിടയില്‍ ചരക്കുനീക്കം ഏറ്റവും കുടുതല്‍ നടക്കുന്നത് താമരശേരി ചുരത്തിലൂടെയാണ്. റോഡിതര ഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്ത ജില്ലയാണ് വയനാട്.
1980 നവംബര്‍ ഒന്നിനു പിറന്നതാണ് വയനാട് ജില്ല. എന്നിട്ടും ജില്ല വിദഗ്ധ ചികിത്സാരംഗത്ത് പിന്നാക്കമാണ്. ഒന്നുവീതം സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ ജില്ലയില്‍ ഉണ്ടെങ്കിലും വാഹനാപകടങ്ങളിലും വന്യമൃഗ ആക്രമണത്തിലും ഗുരുതര പരിക്കേല്‍ക്കുന്നവരുടെ ജീവന് രക്ഷിക്കാന്‍ ജില്ലയ്ക്കു പുറത്തുള്ള ആതുരാലയങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി തുടരുകയാണ്. മരണവുമായി മല്ലടിക്കുന്നവരുമായി അനേകം ആംബുലന്‍സുകളാണ് ദിനേന താമരശേരി ചുരത്തിലൂടെ പായുന്നത്.
കുപ്രസിദ്ധിയും കിരീടമാക്കി താമരശേരി ചുരം
ആദിവസി മൂപ്പന് കരിന്തണ്ടന് കണ്ടുപിടിച്ചതെന്നു ഐതിഹ്യമുള്ള താമരശേരി ചുരംപാത ഒരേസമയം സുപ്രസിദ്ധവും കുപ്രസിദ്ധവുമാണ്. പ്രകൃതി തുറന്നുകാട്ടുന്ന രൂപലാവണ്യമാണ് ചുരത്തിന്റെ സുപ്രസിദ്ധിക്കു പിന്നില്‍. ഓട്ടത്തിനിടെ വലിയ വാഹനങ്ങള്‍ തകരാറിലായും അപകടങ്ങളില്‍പെട്ടും മഴക്കാലങ്ങളില്‍ മണ്ണിടിഞ്ഞും മറ്റും ഉണ്ടാകുന്ന ഗതാഗതക്കുരുക്കാണ് ചുരംപാതയുടെ കുപ്രസിദ്ധിക്കു കാരണം.
ചുരം റോഡില്‍ ദിവസങ്ങളോളം ഗതാഗതം നിലച്ച അനുഭവം വയനാടിനുണ്ട്. താമരശേരി ചുരത്തില്‍ രൂപപ്പെടുന്ന പെട്ടെന്ന് അഴിക്കാന്‍ കഴിയാത്ത ഗതാഗതക്കുരുക്ക് കുറ്റ്യാടി ചുരത്തിലൂടെയുള്ള വാഹനഗതാഗതവും അവതാളത്തിലാക്കും. ഒരേ സമയം രണ്ടു വലിയ വാഹനങ്ങള്‍ക്ക് സമാന്തരമായും സുഗമമായും കടന്നുപോകാന്‍ മാത്രം വീതിയുള്ളതല്ല കുറ്റ്യാടി ചുരം റോഡ്.
മഴ ദിവസങ്ങളോളം കോരിച്ചൊരിയുന്ന കാലങ്ങളില്‍ മണ്ണിടിഞ്ഞും മറ്റും അഞ്ച് ചുരങ്ങളിലും മണിക്കൂറുകള്‍ നീളുന്ന ഗതാഗത തടസം ഉണ്ടാകാറുണ്ട്. ഇത് കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും റോഡ് ബന്ധം അറ്റ് വയനാട് ഒറ്റപ്പെടുന്നതിനു കാരണമാകും. ഏറ്റവും ഒടുവില്‍ ഓഗസ്റ്റ് 26ന് താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞു ഗതാഗത തടസം ഉണ്ടായതിന്റെ ദുരിതം ജനം കണ്ടതാണ്. ചുരംപാതകളില് വാഹനനീക്കം നിലയ്ക്കുന്നത് ജില്ലയില്‍ ടൂറിസം മേഖലയുടെ തളര്‍ച്ചയ്ക്കും അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും കാരണമാകാറുണ്ട്. രോഗികളും ബന്ധുക്കളും അനുഭവിക്കുന്ന യാതനകള്‍ പുറമേ.
ബദല്‍ പാതകളും ഉപപാതയും ചിരകാല സ്വപ്നം
താമരശേരി ചുരം റോഡിനുപകരം ഒരു പാത എന്നത് വയനാടന്‍ ജനതയുടെ ചിരകാലാഭിലാഷമാണ്. ബദല്‍ പാതയ്ക്കും ഉപ പാതയ്ക്കുമുള്ള സാധ്യതകളും നിരവധിയാണ്. എന്നാല്‍ അത് വേണ്ടവിധം ഉപയോഗപ്പടുത്തുന്നതില്‍ മാറിമാറി വന്ന ഭരണകൂടം ഇത്രകാലം ഇച്ഛാശക്തി കാട്ടിയില്ല. കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെങ്കിലും ഇത് യാഥാര്‍ഥ്യമാകുമോ എന്നതില്‍ തീര്‍ച്ചയില്ല. പദ്ധതിക്കെതിരേ വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. തുരങ്കപാത പദ്ധതിക്കു കേന്ദ്രമന്ത്രാലയം നല്കിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാണ് പരിസ്ഥിതി സംഘടനയുടെ ആവശ്യം.
നിര്‍ദേശങ്ങള്‍ അവഗണനയുടെ ചതുപ്പില്‍
പെരുവണ്ണാമൂഴി-പൂഴിത്തോട്-പടിഞ്ഞാറത്തറ, കുഞ്ഞോം-വിലങ്ങാട്, മേപ്പാടി-ചൂരല്‍മല-പോത്തുകല്ല്-നിലമ്പൂര്‍ എന്നിവ പ്രധാനപ്പെട്ട ചുരം ബദല്‍പാത നിര്‍ദേശങ്ങളാണ്. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് മറ്റൊരു നിര്‍ദേശമാണ്. ബദല്‍ പാതകളായാലും ഉപപാതയായാലും നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് വന ഭൂമി ഉപയോഗപ്പെടുത്തണം. എന്നാല്‍, റോഡ് നിര്‍മാണത്തിന് വനഭൂമി വിട്ടുകിട്ടുന്നതിന് ഉതകുന്ന സമ്മര്‍ദം കേന്ദ്ര മന്ത്രാലയത്തില്‍ ചെലുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തുകയാണ്.
നിലന്പൂർ-മുണ്ടേരി-മേപ്പാടി: മലയോര ഹൈവേയ്ക്ക് തുരങ്കം വച്ച് സർക്കാർ
ഷിബു എടക്കര
മലയോര ജനതയുടെ സ്വപ്ന പദ്ധതിയായ മലപ്പുറം- വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നിലമ്പൂര്‍- മുണ്ടേരി -മേപ്പാടി മലയോര പാതയ്ക്ക് തുരങ്കം വച്ച് സംസ്ഥാന സര്‍ക്കാരും വനംവകുപ്പും. 45 മിനിട്ടിനുള്ളില്‍ പോത്തുകല്ലില്‍നിന്നു മേപ്പാടിയിലെത്താന്‍ ഉതകുന്ന പാത നിര്‍മാണത്തിന് പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് അനുമതി നിഷേധിച്ചിരിക്കുന്നത്. 2024ല്‍ മലയോര പാതയുടെ അലൈന്മെന്റും സര്‍ക്കാര്‍ തിരുത്തി. 1997 ലാണ് മലപ്പുറം- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മുണ്ടേരി -മേപ്പാടി പാത എന്ന ആശയമുയരുന്നത്.

പുത്തുമല തപസ്യ കലാവേദിയുടെ നേതൃത്വത്തില്‍ അരണപ്പുഴയിലേക്ക് നിലമ്പൂര്‍ പദയാത്ര സംഘടിപ്പിച്ചായിരുന്നു ആശയത്തിന് തുടക്കമിട്ടത്. 2005ല്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഹില്‍ ഹൈവേയുടെ അലൈന്മെന്റ് തയാറാക്കിയപ്പോള്‍ (സംസ്ഥാനപാത 59) കടന്നുപോകുന്നത് മുണ്ടേരി -മേപ്പാടി വഴിയായിരുന്നു. 2007ലെ കാലവര്‍ഷക്കെടുതിയില്‍ നാടുകാണിച്ചുരം തകര്‍ന്ന് ഒരു വര്‍ഷത്തോളം ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ മുണ്ടേരി-മേപ്പാടി പാത വീണ്ടും ചര്‍ച്ചാവിഷയമായി. എന്നാല്‍ നടപടികളൊന്നുമുണ്ടായില്ല.
2011ല്‍ താമരശേരി ചുരം ഇടിഞ്ഞ് ഗതാഗത തടസമുണ്ടായപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ബദല്‍ റോഡുകളെക്കുറിച്ച് നടത്തിയ പഠനത്തില്‍ ദൂരക്കുറവും ചുരവും ഇല്ലാത്ത ഏറ്റവും അനുയോജ്യമായ പാതയായി കണ്ടെത്തിയത് നിലമ്പൂര്‍ -മുണ്ടേരി മേപ്പാടി പാതയായിരുന്നു. ഈ പാതയ്ക്ക് ഭരണാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2013ല്‍ പൊതുമരാമത്ത് വകുപ്പ് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
2016ല്‍ മുണ്ടേരി മേപ്പാടി പാതയുടെ സര്‍വേ നടത്താന്‍ അനുമതി തേടി നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ വനംമന്ത്രിക്ക് കത്ത് നല്കി. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന കാരണത്താല്‍ വനം വകുപ്പ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് 2019ല്‍ മുണ്ടേരി മേപ്പാടി ഭാഗത്തെ വനഭൂമിയുള്ള അരണപുഴ ജില്ലാ അതിര്‍ത്തി വരെ ഏഴു കിലോമീറ്റര്‍ സര്‍വേ ചെയ്യാന്‍ ഡിഎഫ്ഒ അനുമതി നല്കി. എറണാകുളം ആസ്ഥാനമായ ജി.എസ്. ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനി സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
എന്നാല്‍ പൂക്കോട്ടുംപാടം-തമ്പുരാട്ടികല്ല്-മുണ്ടേരി-മേപ്പാടി മലയോര ഹൈവേക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കത്ത് നല്കി. ഇതോടെ മലയോര ജനതയുടെ സ്വപ്ന പദ്ധതിയുടെ കടയ്ക്കല്‍ കത്തി വീണു. 2024 ജൂണില്‍ മലയോര ഹൈവേയുടെ നിലവിലെ പൂക്കോട്ടുംപാടം തമ്പുരാട്ടികല്ല് മുണ്ടേരി മേപ്പാടി അലൈന്മെന്റ് മാറ്റി കള്ളാടി-അനക്കാപൊയില് ടണല്‍ വഴി കക്കാടംപൊയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
മേപ്പാടിയില്‍നിന്ന് ഒരു മണിക്കൂറിനുള്ളില്‍ വയനാട് ജില്ലക്കാര്‍ക്ക് നിലമ്പൂരില്‍ എത്താന്‍ സാധിക്കുന്ന പാതയാണിത്. മുണ്ടേരി മുതല്‍ അരണപ്പുഴ വരെയുള്ള എട്ട് കിലോമീറ്റര്‍ വനം മാത്രമാണ് പദ്ധതിക്ക് തടസമായി നില്‍ക്കുന്നത്. ഈ ഭാഗത്ത് നിലവില്‍ കൂപ്പ് റോഡുണ്ട്. ഈ റോഡ് വീതി കൂട്ടി ടാറിംഗ് നടത്തുകയും അരണപ്പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കുകയും ചെയ്താല്‍ പദ്ധതി യാഥാര്‍ഥ്യമാകും. വയനാട്ടില്‍ അരണപ്പുഴ ഭാഗത്ത് മലയോര ഹൈവേയുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുമുണ്ട്. നിലവില്‍ 80 കിലോമീറ്റര്‍ സഞ്ചരിച്ച് നാടുകാണിയോ താമരശേരി ചുരമോ കയറി വേണം മലപ്പുറം ജില്ലക്കാര്‍ക്ക് വയനാട്ടിലെത്താന്‍.
പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി തുരങ്കപാത
പ്രതീഷ് ഉദയന്‍
വയനാട്, കോഴിക്കോട് ജില്ലകളിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍- കള്ളാടി -മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി ആരംഭിച്ചു. ഇപ്പോള്‍ തുരങ്കത്തിലേക്കുള്ള റോഡിന്റെ പ്രവൃത്തി, സോയില്‍ ടെസ്റ്റ് തുടങ്ങിയ പ്രാഥമിക പ്രവൃത്തികളാണ് നടക്കുന്നത്. ഈ മാസം അവസാനത്തോടെ വലിയ മെഷീന് എത്തും.
കള്ളാടിയില്‍, മീനാക്ഷിപ്പാലത്ത് സമുദ്ര നിരപ്പില്‍ നിന്ന് 851 മീറ്റര്‍ ഉയരത്തിലാണ് വയനാട്ടിലെ പ്രവേശന കവാടം വരിക. അവിടെയാണ് ഇപ്പോള്‍ പണി ആരംഭിച്ചിരിക്കുന്നത്. മറിപ്പുഴ ഭാഗത്ത് താത്കാലിക പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായതിനുശേഷമേ തുരക്കുന്ന പ്രവൃത്തി ആരംഭിക്കുകയുള്ളു. വയനാട്ടില്‍ മേപ്പാടി - കള്ളാടി - ചൂരല്‍മല റോഡ് (സംസ്ഥാന പാത-59), കോഴിക്കോട് ആനക്കാംപൊയില്‍ - മുത്തപ്പന്‍പുഴ - മറിപ്പുഴ റോഡ് എന്നീ രണ്ട് റോഡുകള്‍ തുരങ്ക പാതയുമായി ബന്ധിപ്പിക്കുന്നതാണ് അലൈൻമെന്റ്. മറിപ്പുഴയില്‍നിന്ന് തുടങ്ങി മേപ്പാടി മീനാക്ഷി ബ്രിഡ്ജില്‍ അവസാനിക്കുന്ന തരത്തിലുള്ള രണ്ടാമത്തെ അലൈന്മെന്റ് ഉചിതമെന്നാണ് കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് അറിയിച്ചത്.
ഇത് പ്രകാരം ടണലിനു തന്നെ എട്ടു കിലോമീറ്റര്‍ വരും. കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററുമായി 8.73 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. 60 മാസമാണ് തുരംഗത്തിന്റെ നിര്‍മാണ കരാര്‍. അതിനുമുമ്പ് തീര്‍ക്കാമെന്നാണ് കൊങ്കണ്‍ റെയില്‍വേ പറയുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ രാജ്യത്തെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാകും.
മറിപ്പുഴ (കോഴിക്കോട്) മുതല്‍ മീനാക്ഷിപ്പാലം (വയനാട്) വരെ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 8.73 കിലോമീറ്ററുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റര്‍ ഇരട്ട തുരങ്കങ്ങളാണ്. ആറ് വളവുകളുള്ള റൂട്ടില്‍ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ് പാസേജ്) ഉണ്ടാവും. പദ്ധതിക്കായി 33 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. 5771 മീറ്റര്‍ വനമേഖലയിലൂടെയും 2964 മീറ്റര്‍ സ്വകാര്യഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്. ഹെയര്‍പിന്‍ വളവുകളൊന്നു മില്ലാത്തതുകൊണ്ട് ഇപ്പോഴെടുക്കുന്നതിനേക്കാള്‍ പകുതി സമയം മാത്രമേ ലക്ഷ്യ സ്ഥാനത്തെത്താന്‍ വേണ്ടിവരികയുള്ളൂ.
യാഥാര്‍ഥ്യമാകുമോ വയനാട്-വിലങ്ങാട് ചുരമില്ലാ കാനനപാത?
ടി.ഇ. രാധാകൃഷ്ണന്
വാണിമേല്‍ പഞ്ചായത്തിലെ പ്രകൃതി ഭംഗി തുളുമ്പി നില്ക്കുന്ന വിലങ്ങാട് പാനോത്തുനിന്നു വയനാട് ജില്ലയിലേക്കുള്ള നിര്‍ദിഷ്ട ചുരമില്ലാ റോഡിനായുള്ള മുറവിളി ഉയര്‍ന്നിട്ട് 44 വര്‍ഷം. 1977ല്‍ വനംമന്ത്രിയായിരുന്ന കാന്തലോട്ട് കുഞ്ഞമ്പു ആയിരുന്നു ഈ റോഡിന്റെ സാധ്യതകള്‍ പഠിക്കാനും തുടര്‍ നടപടി സ്വീകരിക്കാനുമായി മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ട് ഫണ്ട് അനുവദിപ്പിച്ചത്. അന്നുമുതല്‍ ഇന്നുവരെ വിലങ്ങാട് നിവാസികള്‍ കയറിയിറങ്ങാത്ത മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഓഫീസുകളില്ല.
വിലങ്ങാട് പാനോത്തുനിന്ന് തുടങ്ങി വയനാട് ജില്ലയിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ കുങ്കിച്ചിറ വഴി കുഞ്ഞോത്ത് എത്തിച്ചേരുന്ന ഈ പാതയുടെ ആകെ ദൈര്‍ഘ്യം 6.94 കിലോമീറ്റര്‍ മാത്രമാണ്. ഇതില്‍ 2.6 കിലോമീറ്റര്‍ 1969ല്‍ സര്‍ക്കാര്‍ തേക്ക് പ്ലാന്റേഷനായി മാറ്റിയിരുന്നു. 2.281 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വനഭൂമിയില്‍ ആറ് മീറ്റര്‍ വീതിയില്‍ റോഡ് ഇപ്പോള്‍ നിലവിലുണ്ട്. ശേഷിക്കുന്ന രണ്ട് കിലോമീറ്റര്‍ മാത്രമാണ് പുതിയ റോഡ് വെട്ടേണ്ടത് എന്നത് ഈ റോഡിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
കോഴിക്കോട് ജില്ലയിലെ കണ്ടിവാതുക്കല്‍, ചിറ്റാരി, മാടാഞ്ചേരി, പറക്കാട്, പന്നിയേറി, കുറ്റല്ലൂര്‍, ഉരുട്ടി, അടുപ്പില്‍, വായാട് മട്ടില്ലം കോളനി, വയനാട് ജില്ലയിലെ ചാപ്പ കോളനി, കുഞ്ഞോം കോളനി, ചിറക്കല്‍ കോളനി, ആലാറ്റില്‍ കോളനി തുടങ്ങിയവ അടക്കം 14 ആദിവാസി സങ്കേതങ്ങള്‍ ഈ റോഡുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. പഴശിരാജാവിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ കുറിച്യ പോരാട്ടങ്ങള്‍ നടന്ന പ്രദേശമായതിനാല്‍ ഈ റോഡിന് പഴശിരാജ റോഡ് എന്ന് നാമകരണം ചെയ്തിരുന്നു.
2004ല്‍ വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്ത് റോഡ് നിര്‍മിക്കാനുള്ള ഭൂമി പൊന്നും വിലയ്ക്കെടുത്ത് വനംവകുപ്പിന് കൈമാറാനും ഇതിനുള്ള പണം പൊതുജനങ്ങളില്‍ നിന്ന് കണ്ടത്താനും തീരുമാനിച്ചിരുന്നു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനഭൂമിയില്‍ സര്‍വേ നടത്തുകയും സംസ്ഥാന പാതയായി വികസിപ്പിക്കാവുന്ന ഏറ്റവും ലാഭകരമായ പാതയാണിതെന്നും 4.3488 ഹെക്ടറില്‍ വനഭൂമിയിലൂടെ ആറു കിലോമീറ്റര്‍ 948 മീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിച്ചാല്‍ ചുരമില്ലാ പാത വഴി കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയുമെന്നും കണ്ടെത്തിയിരുന്നു.
പ്രതീക്ഷയേകി ചിപ്പിലിത്തോട്-തളിപ്പുഴ ബൈപാസ് റോഡ്
താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാര മാര്‍ഗമാണ് നിര്‍ദിഷ്ട ചുരം ബൈപാസ് റോഡ്. ചുരം ഒന്നാം വളവിനു മുകളില്‍ തുഷാരഗിരി റോഡ് ആരംഭിക്കുന്ന നാഷണല്‍ ഹൈവേയില്‍നിന്ന് തുടങ്ങി ചിപ്പിലിത്തോട്, മരുതിലാവ് വഴി തളിപ്പുഴ നാഷണല്‍ ഹൈവേയില്‍ എത്തുന്ന വിധത്തിലാണ് ബൈപാസ് റോഡിന് നിര്‍ദേശമുള്ളത്. സര്‍വേ നടപടികളുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ കേന്ദ്ര ഉപരിതല മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ റീജണല്‍ ഓഫീസില്‍ 16ന് ടെന്‍ഡര്‍ തുറക്കും. കോഴിക്കോട് മലാപ്പറമ്പ് മുതല്‍ മുത്തങ്ങവരെയുള്ള ദേശീയപാത നാലുവരിയാക്കുന്ന പ്രവൃത്തിക്ക് ഡിപിആര്‍ തയാറാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചതിലാണ് ബൈപാസ് റോഡ് കൂടി ഉള്പ്പടുന്നത്.
ചുരത്തിനു സമാന്തരമായുള്ളതാണ് ഹെയര്‍പിന്‍ വളവുകള്‍ ഇല്ലാത്ത ചുരം ബൈപാസ് റോഡ്. പതിനാലര കിലോമീറ്ററുള്ള ബൈപാസിന് നിലവിലുള്ള ചുരം റോഡിനേക്കാള്‍ ഒന്നര കിലോമീറ്റര്‍ കുറവായിരിക്കും. മരുതിലാവ് വനാതിര്‍ത്തിവരെ 5.4 കിലോമീറ്റര്‍ പഞ്ചായത്ത് റോഡ് നിലവിലുണ്ട്.
രണ്ടര കിലോമീറ്റര്‍ വനാതിര്‍ത്തിയിലൂടെയാണ് കടന്നുപോകുക. പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലൂടെയാണ് ബൈപാസ് റൂട്ട്. റോഡിനു സ്ഥലം വിട്ടുകൊടുക്കാന്‍ രണ്ടു ഗ്രാമപഞ്ചായത്തുകളും തയാറായിട്ടുണ്ട്.നാലുവരി പാതയ്ക്കായാണ് സര്‍വേ നടക്കുക. ലക്കിടി ഓറിയന്റല്‍ കോളജ് ഭാഗത്തേക്ക് ചെറിയ തുരങ്കം വഴിയോ എലവേറ്റഡ് ബ്രിഡ്ജായോ ബന്ധിപ്പിച്ചാല്‍ ബൈപാസ് സാധ്യമാക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
32 വര്‍ഷം പുകമറയിലാണ്ട് പൂഴിത്തോട് ബദല്‍ റോഡ്
ബിനു ജോര്‍ജ്
കോഴിക്കോടിനെയും വയനാടിനെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഏറ്റവും ചെലവു കുറച്ച് യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിനു സാധിക്കുന്ന ചുരം ബദല്‍പാത എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു... പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ്. മൊത്തം 27.225 കിലോമീറ്ററുള്ള ഈ നിര്‍ദിഷ്ട പാതയില്‍ എട്ടുകിലോമീറ്റര്‍ വനഭൂമിയിലാണ് ഇനി റോഡ് നിര്‍മിക്കേണ്ടത്.
വനഭൂമിയില്‍ ഒഴികെ ഇരുവശങ്ങളിലായി 12 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിച്ചിട്ടുണ്ട്. വനഭൂമിയില്‍ റോഡ് നിര്‍മിച്ച് വയനാട്-കോഴിക്കോട് ഭാഗങ്ങളില്‍നിന്നു വരുന്ന റോഡിനോട് കൂട്ടിമുട്ടിച്ചാല്‍ ബദല്‍ പാത യാഥാര്‍ഥ്യമാകും. ഏറ്റെടുക്കേണ്ടി വരുന്ന വനഭൂമിയുടെ ഇരട്ടിയിലധികം ഭൂമി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വനംവകുപ്പിനു വിട്ടുകൊടുത്തിരുന്നു. എന്നിട്ടും വനഭൂമിയില്‍ തട്ടിത്തടഞ്ഞ് ഈ റോഡ് കടലാസില്‍ പൊടിപിടിച്ചു കിടന്നു.
വയനാട്ടിലേക്കുളള പ്രധാന പ്രവേശനമാര്‍ഗമായ താമരശേരി ചുരം റോഡില്‍ ഗതാഗതക്കുരുക്കും യാത്രാതടസവും പതിവായ സാഹചര്യത്തിലാണ്, 30 വര്‍ഷത്തിലേറെനീണ്ട ഇടവേളയ്ക്കുശേഷം പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ റോഡ് വിഷയം ചൂട് പിടിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഇടപെട്ട് ഒരിക്കല്‍ കൂടി ബദല്‍ പാത സംബന്ധിച്ച നടപടികള്‍ പുനരാരംഭിച്ചത് ഏറെ പ്രതീക്ഷയുണര്‍ത്തുകയാണ്.
പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാനാണ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ എടുത്ത തീരുമാനം.
ഈ മാസം 15നുള്ളില്‍ ഈ റോഡിന്റെ അലൈന്മെന്റ് പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. 25നകം പ്രാഥമിക ഡിപിആര്‍ തയാറാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പ്രാഥമിക ഡിപിആറിനു ശേഷം പരിശോധനകള്‍ നടത്തി വിശദ ഡിപിആര്‍ തയാറാക്കാനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.
ശാപമായത് ഭരണകൂടങ്ങളുടെ നിസംഗത
പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ റോഡ് നിര്‍മാണത്തിന് തടസമായി വനഭൂമി ഉയര്ത്തിക്കാട്ടപ്പെട്ടപ്പോള് ഭരണ-പ്രതിപക്ഷ ദേദമെന്യേ രാഷ്ട്രീയപാര്‍ട്ടികള്‍ യോജിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഗൗരവകരമായ നീക്കമേ നടത്തിയില്ല എന്നതാണ് യാഥാർഥ്യം.
ഇത്രകാലമായിട്ടും വയനാട്ടുകാരുടെ ഒരു ആവശ്യം എന്നതിലുപരി പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ റോഡ് മലബാറിന്റെയോ സംസ്ഥാനത്തിന്റെ തന്നെ ഒരു പൊതു ആവശ്യമായോ ഉയര്‍ന്നു വന്നിട്ടില്ല. താമരശേരി ചുരം തടസപ്പെട്ടാല്‍ വയനാടിനെയാണ് ഏറ്റവുമധികം ബാധിക്കുക. ഇതുകൊണ്ടുതന്നെ ബദല്‍ റോഡ് പ്രാദേശിക വിഷയമായി ചുരുങ്ങുകയാണ്.
വനഭൂമിയില്‍ റോഡ് നിര്‍മാണം നടത്താന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചുവെന്നതാണ് നിര്‍ദിഷ്ട പാത യാഥാർഥ്യമാക്കുന്നതിനു തടസമായി പറയുന്നത്. എന്നാല്‍ ഇത് ഒരു പുകമറയാണെന്ന സംശയവും ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷയ്ക്ക് ക്രോഡീകരിച്ച വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് ബദല്‍ റോഡ് ജനകീയ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കമല്‍ ജോര്‍ജ് പറഞ്ഞു.