കെഎസ്ആർടിസി ബസിനു മുന്പിൽ കാലിക്കുപ്പികളും മാലിന്യവും കണ്ടെത്തിയ സംഭവം : സ്ഥലംമാറ്റ ഉത്തരവിനു പിന്നാലെ റദ്ദാക്കിയതായി നിർദേശം
Monday, October 6, 2025 5:22 AM IST
പൊൻകുന്നം: ഫാസ്റ്റ് പാസഞ്ചർ ബസിനു മുന്പിൽ കാലിക്കുപ്പികളും മാലിന്യവും മന്ത്രി ഗണേഷ്കുമാർ കണ്ടെത്തിയ സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാരെ സ്ഥലംമാറ്റിയ ഉത്തരവ് പിന്നീട് മരവിപ്പിച്ചതായി ഫോണിൽ നിർദേശം.
സംഭവത്തിലുൾപ്പെട്ട ബസിലെ ഡ്രൈവർ ജെയ്മോൻ ജോസഫ്, വെഹിക്കിൾ സൂപ്പർവൈസർ കെ.എസ്. സജീവ്, മെക്കാനിക്കൽ വിഭാഗത്തിലെ ചാർജ്മാൻ വിനോദ് എന്നിവരെ സ്ഥലംമാറ്റിയാണ് ചീഫ് ഓഫീസിൽനിന്ന് ഉത്തരവെത്തിയത്. ജെയ്മോൻ ജോസഫിനെ തൃശൂർ ജില്ലയിലെ പുതുക്കാട് ഡിപ്പോയിലേക്കും സജീവിനെ തൃശൂർ ഡിപ്പോയിലേക്കും വിനോദിനെ കൊടുങ്ങല്ലൂരിലേക്കുമാണ് മാറ്റിയത്. മൂന്നാം തീയതി വൈകുന്നേരമാണ് ആദ്യ ഉത്തരവെത്തിയത്. മരവിപ്പിച്ചതായുള്ള നിർദേശം ഇന്നലെ വൈകുന്നേരം ഫോണിലും.
ഈ മാസം ഒന്നിനാണ് നടപടിക്കിടയാക്കിയ സംഭവം. മുണ്ടക്കയത്തുനിന്ന് രാവിലെ തിരുവനന്തപുരത്തേക്കു പുറപ്പെട്ട ആർഎസ്സി 700 നമ്പർ ബസിനു പിന്നാലെയെത്തിയ മന്ത്രി ബസിനെ മറികടന്നപ്പോൾ കൊല്ലം ആയൂരിൽവച്ചാണ് മുൻവശത്തെ ചില്ലിനോട് ചേർന്ന് കുടിവെള്ളക്കുപ്പികൾ നിരത്തിയിട്ടത് കണാനിടയായത്. പിന്നീട് മന്ത്രി ബസ് തടഞ്ഞുനിർത്തി പരിശോധിച്ചു. ബസ് വൃത്തിഹീനമാണെന്നും ശുചിയാക്കാറില്ലെന്നും അതിനാൽ റിപ്പോർട്ട് നൽകാനും മന്ത്രി സ്ക്വാഡിനോട് ആവശ്യപ്പെട്ടു. ബസ് വൃത്തിഹീനമാണെന്നും കഴുകിയിട്ടില്ലെന്നും അവർ റിപ്പോർട്ടു നൽകുകയും ചെയ്തു. തുടർന്നാണ് വകുപ്പുതല നടപടി.
സ്ഥലംമാറ്റം നേരിട്ട കെ.എസ്. സജീവ് കെഎസ്ആർടിഇഎ (സിഐടിയു) ജില്ലാട്രഷററാണ്. ഡ്രൈവർ ടിഡിഎഫ് അംഗവും മെക്കാനിക്ക് വിഭാഗം ജീവനക്കാരൻ ബിഎംഎസ് അംഗവും. യൂണിയനുകളുടെയും ജീവനക്കാരുടെയും അതൃപ്തി തിരിച്ചറിഞ്ഞാണ് തിരുത്തൽ വരുത്തിയതെന്നാണു കരുതുന്നത്.
ബസ് വൃത്തിയാക്കുന്നതിന് രണ്ടു ദിവസവേതനക്കാർക്കാണ് ചുമതല. അതിലൊരാൾ ചികിത്സയിലായതിനാൽ അവധിയിലാണ്. ഒരാൾ മാത്രമുള്ളതിനാൽ എല്ലാദിവസവും എല്ലാ ബസുകളും കഴുകാറില്ലെന്നും ഇവർ സൂചിപ്പിച്ചു. പഴയമോഡൽ ബസുകളിൽ കുടിവെള്ള കുപ്പികൾ സൂക്ഷിക്കാൻ റാക്കില്ലാത്തിനാൽ ജീവനക്കാർ കുപ്പികൾ മുൻചില്ലിനു സമീപം വയ്ക്കാറുണ്ട്. ഇതാണു നടപടിക്കിടയാക്കിയ വിഷയമെന്നാണ് ജീവനക്കാർ പറയുന്നത്.