ഐഎഎസുകാർക്ക് ദേവസ്വം ബോർഡ് ചുമതല നൽകണം: വെള്ളാപ്പള്ളി
Monday, October 6, 2025 5:22 AM IST
സുൽത്താൻ ബത്തേരി: ദേവസ്വം ബോർഡ് സംവിധാനത്തെ അടിമുടി മാറ്റി ഉത്തരവാദിത്വം ഐഎഎസുകാർക്കു നൽകണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുൽത്താൻ ബത്തേരിയിൽ എസ്എൻഡിപി യോഗം ശാഖാ നേതൃസംഗമത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎഎസുകാർ കള്ളംചെയ്യാൻ ഭയപ്പെടുമെന്നും ബോർഡിന്റെ നിയന്ത്രണം സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ദേവസ്വംബോർഡിന്റെ ഭരണത്തിൽ സുതാര്യത ഉറപ്പുവരുത്തണം. ശബരിമല സർണപ്പാളി വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് വിവാദങ്ങളിലാണ് തിരുവിതാംകൂർ ദേവസ്വംബോർഡ്. സ്വർണപ്പാളി പോയിട്ട് കാലങ്ങളായി. പക്ഷേ, ഈ ബോർഡാണ് കണ്ടുപിടിച്ചത്. ഏതുകാലത്താണ് സ്വർണപ്പാളി നഷ്ടപ്പെട്ടത് എന്നതിൽ കൃത്യതവരുത്തി നടപടി സ്വീകരിക്കണം. ഒരു പോറ്റി വിചാരിച്ചാൽ ഇത്രയും വലിയ സാധനം കൊണ്ടുപോകാൻ സാധിക്കില്ല. ഇതിനുപിന്നിൽ വൻശക്തികളുണ്ട്. ആത്മീയതയുടെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യരുത്. രാഷ്ട്രീയക്കാർക്ക് ഇടംകൊടുക്കാനുള്ള ഇടമായി ദേവസ്വം ബോർഡ് മാറിയതായും അദ്ദേഹം ആരോപിച്ചു.