മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
Monday, October 6, 2025 5:22 AM IST
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അധ്യാപകരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ ആരംഭിച്ച നിസഹകരണ സമരം തുടരുന്നതിനിടെയാണ് പ്രതിഷേധത്തിന്റെ അടുത്ത ഘട്ടമായി ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടു വരെ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും ഡോക്ടര്‍മാര്‍ ധര്‍ണ നടത്തുമെന്ന് കെജിഎംസിടിഎ അറിയിച്ചു.എന്‍ട്രി കേഡറിലെ ശമ്പളക്കുറവ് പരിഹരിക്കല്‍, നാല് വര്‍ഷത്തെയും ഒന്‍പത് മാസത്തെയും ശമ്പളപരിഷ്കരണ കുടിശിക അനുവദിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.
പലവട്ടം നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍, സംഘടന കൂടുതല്‍ ശക്തമായ സമര പരിപാടികളിലേക്കു നീങ്ങുവാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാത്ത പക്ഷം അധ്യയനം നിര്‍ത്തല്‍, ഒ.പി. ബഹിഷ്കരണം തുടങ്ങിയ കടുത്ത സമരരൂപങ്ങള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്നാരാ ബീഗവും ജനറല്‍ സെക്രട്ടറി ഡോ. സി.എസ് അരവിന്ദും അറിയിച്ചു.