അഭിഭാഷക ജീവനൊടുക്കിയ സംഭവം: സഹപ്രവര്ത്തകന് അറസ്റ്റില്‍
Monday, October 6, 2025 5:22 AM IST
കാസര്‍ഗോഡ്: കുമ്പളയിലെ ഡിവൈഎഫ്ഐ നേതാവായ അഭിഭാഷക ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അഭിഭാഷകന് അറസ്റ്റില്‍. ഡിവൈഎഫ്ഐ കുമ്പള മേഖല പ്രസിഡന്റും കാസര്‍ഗോഡ് ബാറിലെ അഭിഭാഷകയുമായ അഡ്വ. രഞ്ജിതകുമാരി(30) മരിച്ച സംഭവത്തില്‍ തിരുവല്ല സ്വദേശി അനില്‍കുമാര്‍ ആണ് അറസ്റ്റിലായത്.
തിരുവനന്തപുരത്തുനിന്ന് ഇന്നലെ പുലര്‍ച്ചെയാണ് കുമ്പള പോലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. കുമ്പളയില്‍ ഒരേ ഓഫീസിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് രഞ്ജിതയെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ അനില്‍കുമാര്‍ നാടുവിട്ടിരുന്നു.
ഒട്ടേറെത്തവണ കുടുംബാംഗങ്ങള്‍ ഫോണ്‍ചെയ്തിട്ടും രഞ്ജിത ഫോണ്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിഭാഷകയുടെ ആത്മഹത്യാക്കുറിപ്പും ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണു സൂചന.