സ്വര്‍ണം ചെമ്പായി മാറിയതിനു പിന്നാലെ കൂടുതല്‍ സംശയങ്ങള്‍
Monday, October 6, 2025 5:22 AM IST
ശബരിമല: ശബരിമല ശ്രീകോവിലിലെ കതകിന്റെ സ്വര്‍ണപ്പാളികള്‍ സംബന്ധിച്ചും സംശയങ്ങളുയരുന്നു. സ്വര്‍ണകവചിതമായ ശ്രീകോവില്‍ കതകുകളും അഴിച്ചെടുത്തു കൊണ്ടുപോയിരുന്നതായ വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് സംശയം ബലപ്പെടുന്നത്.
ശബരിമല ശ്രീകോവിലിനൊപ്പം നടവാതിലും സോപാനത്തുള്ള പടിക്കെട്ടുകള്‍ക്ക് ഇരുവശത്തുമുള്ള ആന രൂപങ്ങളും തുണുകളും സ്വര്‍ണം പൊതിഞ്ഞിരുന്നതായി ശബരിമലയില്‍ സ്വര്‍ണം പൂശല്‍ ജോലികള്‍ ചെയ്തിട്ടുള്ള തമിഴ്നാട് സ്വദേശി സെന്തില്‍ നാഥ് വെളിപ്പെടുത്തിയിരുന്നു.
ദ്വാരപാലക ശില്പങ്ങളില് നിന്നും അഴിച്ചെടുത്തത് ചെമ്പു പാളികളാണെന്നാണ് മഹസറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും ഇത് ശരിവയ്ക്കുന്നു.
ചെമ്പ് പാളികളില്‍ സ്വര്‍ണം പൊതിഞ്ഞിട്ടുണ്ടെങ്കില്‍ അതു വേര്‍തിരിക്കാന്‍ കഴിയില്ലെന്ന വാദവും ചിലര്‍ ഉന്നയിച്ചു. എന്നാല്‍ നൈട്രിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവ ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്ന് വിദഗ്ധാഭിപ്രായമുണ്ട്.
ദ്വാരപാലക ശില്പങ്ങള് സ്വര്‍ണം പൂശാനായി കൊണ്ടുപോയ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ ലക്ഷ്യം സ്പോണ്‍സര്‍ഷിപ്പിലൂടെ പണം തട്ടുക എന്നതായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.