കുറിപ്പടി നിർബന്ധം; കേരളത്തിൽ കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പ് നൽകില്ല
Monday, October 6, 2025 5:45 AM IST
തിരുവനന്തപുരം: കുട്ടികൾക്ക് ചുമ മരുന്ന് നൽകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനം. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കു വേണ്ടിയാണെങ്കിൽ ചുമ മരുന്ന് നൽകരുതെന്ന് മരുന്ന് വ്യാപാരികൾക്ക് കർശന നിർദേശം നൽകി.
ഡ്രഗ്സ് കൺട്രോളർ മരുന്നു വ്യാപാരികൾക്ക് നൽകിയ സർക്കുലറിലാണ് നിർദേശം.ഡോക്ടറുടെ കുറിപ്പടിയുമായി എത്തിയാലും ഇവർക്ക് മരുന്നു നൽകില്ല. അതേസമയം കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനത്തും രണ്ടു വയസിനും മുകളിലുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി.
അതേസമയം മധ്യപ്രദേശിൽ കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായെന്ന് പരാതി ഉയർന്ന കോൾഡ്രിഫ് സിറപ്പിന്റെ സാമ്പികളുകൾ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. 170 ബോട്ടിലുകൾ കേരളത്തിൽനിന്ന് ശേഖരിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ മേഖലകളിൽനിന്നാണ് ഇത് ശേഖരിച്ചത്. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്ആർ 13 ബാച്ച് കേരളത്തിൽ വില്പനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നിഗമനം.
കോൾഡ്രിഫിന്റെ വില്പന പൂർണമായി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ബാച്ചും ഇനി വില്ക്കാനോ പുതിയ സ്റ്റോക്കെടുക്കാനോ പാടില്ല. ഈ കഫ് സിറപ്പിന്റെ വില്പന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും നടത്തുന്ന പരിശോധനയും തുടരും.