ബിഹാറിൽ 23 ലക്ഷം വനിതാ വോട്ടർമാരുടെ പേര് വെട്ടിയെന്ന് കോൺഗ്രസ്
Monday, October 6, 2025 4:18 AM IST
ന്യൂഡൽഹി: ബിഹാറിൽ എസ്ഐആറിനിടെ 23 ലക്ഷം വനിതാ വോട്ടർമാരുടെ പേര് വോട്ടർപട്ടികയിൽനിന്നു വെട്ടിയെന്ന് കോൺഗ്രസ്. 2020ലെ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന 59 മണ്ഡലങ്ങളിലെ വനിതാ വോട്ടർമാരെയാണ് ഒഴിവാക്കിയതെന്ന് ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ് പ്രസിഡന്റ് അൽക്ക ലംബ ആരോപിച്ചു. ഇന്നലെ കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു അൽക്കയുടെ ആരോപണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിൽ വൻ കൃത്രിമമമാണു നടത്തിയതെന്ന് അൽക്ക ലംബ കുറ്റപ്പെടുത്തി. ""ബിഹാറിൽ 3.5 കോടി വനിതാ വോട്ടർമാരാണുള്ളത്. 23 ലക്ഷം വനിതാ വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് നീക്കി. ഈ നീക്കം ഭരണഘടനയ്ക്കെതിരേയുള്ളതാണ്. ഗോപാൽഗഞ്ച്, സരൺ, ബെഗുസരായി, സമസ്തിപുർ, ഭോജ്പുർ, പൂർണിയ ജില്ലകളിലാണ് വനിത വോട്ടർമാരെ കൂടുതലായും ഒഴിവാക്കിയത്. ഈ ജില്ലകളിൽ 59 നിയമസഭാ മണ്ഡലങ്ങളുണ്ട്.
2020 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി 25 സീറ്റിലും എൻഡിഎ 34 സീറ്റിലും വിജയിച്ചു. മിക്കയിടത്തും ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. 23 ലക്ഷം വനിതകളെ ഒഴിവാക്കിയപ്പോൾ 15 ലക്ഷം പുരുഷന്മാരുടെ പേരും വോട്ടർപട്ടികയിൽനിന്നു നീക്കി’’ -അൽക്ക ലംബ പറഞ്ഞു.
ബിഹാറിലെ അന്തിമ വോട്ടർപട്ടികയിൽ 7.42 കോടി വോട്ടർമാരാണുള്ളത്. എസ്ഐആറിനു മുന്പ് 7.89 കോടി വോട്ടർമാരുണ്ടായിരുന്നു. എസ്ഐആറിനുശേഷം 47 ലക്ഷം വോട്ടർമാരെയാണ് പട്ടികയിൽനിന്ന് ഒഴിവാക്കിയത്.