കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: മരുന്ന് കുറിച്ച ഡോക്ടർ അറസ്റ്റിൽ
Monday, October 6, 2025 4:18 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാഡയിൽ കഫ് സിറപ്പ് കഴിച്ച് 14 കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. ചികിത്സാപ്പിഴവിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. കോൾഡ്രിഫ് നിർമിച്ച തമിഴ്നാട് കാഞ്ചീപുരത്തെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്കെതിരേയും മധ്യപ്രദേശ് പോലീസ് കേസെടുത്തു. രാജസ്ഥാനിൽ മൂന്നു പേർ ഉൾപ്പെടെ 17 കുട്ടികളാണ് കഫ് സിറപ്പ് കഴിച്ചതുമൂലം മരിച്ചത്. കോൾഡ്രിഫ് കഫ് സിറപ്പ് വില്പന മധ്യപ്രദേശ് നിരോധിച്ചു.
ചിന്ദ്വാഡ പരാസിയ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇവിടത്തെ സ്വകാര്യ ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുന്ന സർക്കാർ ഡോക്ടറായ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. ഇയാളാണ് വിവാദ കോൾഡ്രിഫ് കഫ് സിറപ്പ് കുട്ടികൾക്കു നിർദേശിച്ചത്. ചിന്ദ്വാഡയിലെ രാജ്പാൽ ചൗക്കിൽനിന്നാണു പ്രത്യേക പോലീസ് സംഘം ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഒരു മാസത്തോളം കുട്ടികളിൽ സിറപ്പ് മോശമായി ബാധിച്ചിട്ടും മരുന്ന് തുടർന്നതിനാണ് ഡോക്ടർക്കെതിരേ കേസെടുത്തിരിക്കുന്നത്. ഡോ. സോണിയെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പരാസിയയിൽ ചുമ മരുന്ന് കഴിച്ച 11 കുട്ടികൾ മരിച്ചു. ‘കോൾഡ്രിഫ്’ ഉപയോഗിച്ച് വൃക്ക തകരാറിലായി അഞ്ച് പേർ നാഗ്പുരിലും ഒരാൾ ചിന്ദ്വാഡയിലുമായി ആറു കുട്ടികൾ ചികിത്സയിലുണ്ട്. നാഗ്പുരിൽ പ്രവേശിപ്പിച്ച മൂന്ന് കുട്ടികളുടെ നില ഗുരുതരമാണ്. കഫ് സിറപ്പുകളും ആന്റിബയോട്ടിക്കുകളും ഉൾപ്പെടെ 19 മരുന്നുകളുടെ നിർമാണ യൂണിറ്റുകളിൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) പരിശോധനകൾ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
ആറ് സംസ്ഥാനങ്ങളിലായാണു പരിശോധന. കോൾഡ്രിഫ് സംസ്ഥാന വ്യാപകമായി വിൽക്കുന്നതും വിതരണം ചെയ്യുന്നതും നിർത്താനും ലഭ്യമായ എല്ലാ സ്റ്റോക്കുകളും ഉടൻ പിടിച്ചെടുക്കാനും മധ്യപ്രദേശ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിർദേശം പുറപ്പെടുവിച്ചു. കോൾഡ്രിഫ് സിറപ്പ് നിർമിക്കുന്ന കമ്പനിയുടെ മറ്റ് ഉത്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.
ജാഗ്രത വേണമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിലെ ഷെഡ്യൂൾ എം പ്രകാരമുള്ള പുതുക്കിയ വ്യവസ്ഥകൾ നിർമാണസമയത്ത് മരുന്നുകന്പനികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങൾക്കു നിർദേശം.
ചുമയ്ക്ക് നൽകുന്ന ‘കോൾഡ്രിഫ്’ എന്ന മരുന്നു കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യസെക്രട്ടറിയുടെ അധ്യക്ഷതയിൽ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണു നിർദേശം നൽകിയത്. കുട്ടികളിലുണ്ടാകുന്ന മിക്ക ചുമകളും സ്വയം ഭേദമാകുന്നതിനാൽ കഫ് സിറപ്പുകൾ യുക്തിസഹമായ രീതിയിൽ ഉപയോഗിക്കാൻ യോഗം നിർദേശിച്ചു.