കരൂർ ദുരന്തം: വിജയ്യുടെ ഡ്രൈവർക്കെതിരേ കേസെടുത്തു
Monday, October 6, 2025 4:18 AM IST
കരൂർ: കരൂരിൽ റാലിക്കിടെ തിക്കിലുംതിരക്കിലും 41 പേർ മരിക്കാനിടയായ സംഭവത്തിൽ നടൻ വിജയ്യുടെ പ്രചാരണവാഹനത്തിന്റെ ഡ്രൈവർക്കെതിരേ കേസെടുത്ത് പോലീസ്.
ടിവികെയുടെ പ്രചാരണവാഹനത്തെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താരത്തെ കാണാൻ പ്രചാരണവാഹത്തിനു സമീപത്തുകൂടി ബൈക്കിൽ സഞ്ചരിച്ച ആരാധകർക്ക് അപകടമുണ്ടായതിലാണു കേസെടുത്തിരിക്കുന്നത്. ബൈക്കുകളിൽ ബസ് തട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ടിവി ചാനലുകൾ കാണിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പ്രചാരണവാഹനമായി ഉപയോഗിച്ച ബസിന്റെ ഡ്രൈവർക്കെതിരേ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
കരൂർദുരന്തത്തിൽ സീനിയർ ഐപിഎസ് ഓഫീസർ അസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ കരൂരിലെ അപകടസ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഗാർഗിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ മദ്രാസ് ഹൈക്കോടതി നിയോഗിച്ചത്. രണ്ട് എസ്പിമാരടക്കം 11 പോലീസ് ഓഫീസർമാരാണ് എസ്ഐടിയിലുള്ളത്.