ലാൻഡിംഗിനു മുന്പ് ആർഎടി പ്രവർത്തിച്ചു; വിമാനം സുരക്ഷിതമായി ഇറക്കി
Monday, October 6, 2025 4:18 AM IST
മുംബൈ: അമൃത്സറിൽനിന്ന് ബർമിംഗാമിലേക്കു പറന്ന എയർ ഇന്ത്യ ബോയിംഗ് 787 വിമാനത്തിന്റെ റാം എയർ ടർബൈൻ (ആർഎടി) ലാൻഡിംഗിനു തൊട്ടു മുന്പ് അപ്രതീക്ഷിതമായി പ്രവർത്തിച്ചു. എന്നാൽ, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. വൻ ദുരന്തമാണ് വഴിമാറിയത്. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.
ലാൻഡിംഗിനു തൊട്ടുമുന്പ് ആർഎടി പ്രവർത്തിച്ചതായി പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. രണ്ട് എൻജിനുകളും ഒരുമിച്ച് പരാജയപ്പെടുകയോ ഇലക്ട്രോണിക് ഹൈഡ്രോളിക് സംവിധാനങ്ങൾ പൂർണമായി തകരാറിലാകുകയോ ചെയ്താലാണ് ആർഎടി പ്രവർത്തിക്കുക. ഇത്തരം ഘട്ടങ്ങളിൽ കാറ്റിന്റെ സഹായത്താൽ ഇത് അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കാനാവശ്യമായ ഊർജം ഉത്പാദിപ്പിക്കും.
ജൂണിൽ എയർ ഇന്ത്യ ബോയിംഗ് 787 വിമാനാപകടത്തിന്റെ കാരണങ്ങളായി എൻജിൻ തകരാർ, ഹൈഡ്രോളിക് ഇലക് ട്രോണിക് തകരാർ, സോഫ്റ്റ് വേർ പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാണിക്കപ്പെടുന്നു. അഹമ്മദാബാദ് അപകടത്തിൽ 260 പേരാണു മരിച്ചത്.
എല്ലാ ബോയിംഗ് 787 വിമാനങ്ങളുടെയും വൈദ്യുത സംവിധാനങ്ങൾ സമഗ്രമായി പരിശോധിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി) ആവശ്യപ്പെട്ടു.