ജഡ്ജിമാരുടെ ഒഴിവ് നികത്താനാകാതെ ഹൈക്കോടതികൾ
സനു സിറിയക്
Monday, October 6, 2025 4:18 AM IST
ന്യൂഡൽഹി: രാജ്യത്തെ 25 ഹൈക്കോടതികളിലായി 330 ജഡ്ജിമാരുടെ ഒഴിവുകൾ നികത്താനുണ്ടെന്ന് റിപ്പോർട്ട്. നാഷണൽ ജുഡീഷൽ ഡാറ്റ ഗ്രിഡിന്റെ (എൻജെഡിജി) ഈ മാസം ആദ്യം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജഡ്ജിമാരുടെ എണ്ണത്തിൽ പൂർണ അംഗബലമുള്ളത് സിക്കിം, മേഘാലയ എന്നീ ഹൈക്കോടതികളിൽ മാത്രമാണ്.
കേരള ഹൈക്കോടതിയിൽ അഞ്ച് ജഡ്ജിമാരുടെ ഒഴിവ് ഇനിയും നികത്താനുണ്ട്. 47 ആണ് കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ആകെ അംഗബലം. ഇതിൽ 30 സ്ഥിരം ജഡ്ജിമാരും 12 അഡീഷണൽ ജഡ്ജിമാരും നിലവിൽ സേവനത്തിലുണ്ട്. അഞ്ചു സ്ഥിരം ജഡ്ജിമാരുടെ ഒഴിവ് ഇനിയും നികത്താനായിട്ടില്ല. അടുത്തിടെ പുതിയ ജഡ്ജിമാരെ നിയമിച്ചതോടെ 34 പേരുമായി സുപ്രീംകോടതി പൂർണ അംഗബലത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഏറ്റവും കൂടുതൽ ഒഴിവുകൾ രേഖപ്പെടുത്തിയിരിക്കുന്നത് അലഹബാദ് ഹൈക്കോടതിയിലാണ്. 160 ജഡ്ജിമാർ വേണ്ടിടത്ത് 84 പേരാണ് ഇവിടെ സേവനത്തിലുള്ളത്. 76 ഒഴിവുകൾ നികത്തിയിട്ടില്ല.
രാജ്യത്തെ എല്ലാ ഹൈക്കോടതികളിലുമായി 1122 ജഡ്ജിമാരെയാണ് ആവശ്യം. എന്നാൽ 792 പേർ മാത്രമാണു വിവിധ ഹൈക്കോടതികളിലായി സേവനമനുഷ്ഠിക്കുന്നത്. 330 ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു.
കേസുകൾ വൈകുന്നതിനും കെട്ടിക്കിടക്കുന്നതിനും ഇതിടയാക്കുന്നു. നീതി വൈകുന്നത് നീതിനിഷേധത്തിനു തുല്യമാണെന്നു പറയുന്നിടത്താണ് ഇത്തരമൊരു അന്തരം. എൻജെഡിജിയുടെ കണക്കുകൾ പ്രകാരം രാജ്യത്തുടനീളമുള്ള ഹൈക്കോടതികളിൽ 67 ലക്ഷത്തോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. സുപ്രീംകോടതിയിലിത് 60000 ആണ്. ജഡ്ജിമാരുടെ എണ്ണത്തിലെ അഭാവമാണു കേസുകൾ കുന്നുകൂടുന്നതിന്റെ പ്രധാന കാരണം.
ഹൈക്കോടതികൾ നേരിടുന്ന ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ നീതി വൈകുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഇനിയുമുണ്ടാകും.
ബോംബെ ഹൈക്കോടതിയിൽ 26, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ 25, കൽക്കട്ട ഹൈക്കോടതിയിൽ 24, മദ്രാസ് ഹൈക്കോടതിയിൽ 19, പാറ്റ്ന ഹൈക്കോടതിയിൽ 18, ഡൽഹി ഹൈക്കോടതിയിൽ 16, രാജസ്ഥാൻ ഹൈക്കോടതിയിൽ ഏഴ് എന്നിങ്ങനെയാണ് ഒഴിവുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ചെറിയ ഹൈക്കോടതികളെയടക്കം ഈ വിഷയം ബാധിക്കുന്നതായാണു നിയമവിദഗ്ധർ വ്യക്തമാക്കുന്നത്.
ഹൈക്കോടതികളിലെ ജുഡീഷൽ നിയമനം കൊളീജിയം സംവിധാനത്താൽ നിയന്ത്രിക്കപ്പെടുന്നതും കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമായി വരുന്ന പ്രക്രിയയും നിയമനത്തിലെ കാലതാമസത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നു.