നിതീഷ് കുമാറിന്റെ മാനസികാരോഗ്യത്തിൽ പന്തികേട്: തേജസ്വി യാദവ്
Monday, October 6, 2025 4:18 AM IST
പറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മാനസികാരോഗ്യത്തിൽ പന്തികേടു തോന്നുന്നതായി ആർജെഡി നേതാവ് തേജസ്വി യാദവ്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിൽ നിതീഷിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥതയുണ്ടായിരുന്നുവെന്നും സ്വന്തം സർക്കാരിനെ മുന്നോട്ടു നയിക്കാൻ അദ്ദേഹം ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്നാണു കരുതുന്നതെന്നും പ്രതിപക്ഷ നേതാവുകൂടിയായ തേജസ്വി അഭിപ്രായപ്പെട്ടു.
ഇതുകൂടാതെ മുതിർന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി പ്രസംഗിച്ചപ്പോൾ നിതീഷ്കുമാർ കംപ്യൂട്ടർ സ്ക്രീനിലേക്കു കൈകൂപ്പി നിൽക്കുന്നതാണ് കാണാൻ സാധിച്ചതെന്നും തേജസ്വി യാദവ് പറഞ്ഞു.
എന്നാൽ, തേജസ്വിയുടെ ആരോപണത്തോട് ജെഡി-യു വക്താവും എംഎൽസിയുമായ നീരജ് കുമാർ രൂക്ഷമായി പ്രതികരിച്ചു. ബിഹാറിന്റെ സമഗ്ര പുരോഗതിക്കായി മുഖ്യമന്ത്രി പ്രവർത്തിക്കുകയാണെന്നും, തേജസ്വി യാദവ് സ്വന്തം പിതാവ് ലാലു പ്രസാദിന്റെ കാര്യങ്ങളോർത്തു വിഷമിച്ചാൽ മതിയെന്നും നീരജ് കുമാർ പറഞ്ഞു.