ഡാർജിലിംഗിൽ മഴയും മണ്ണിടിച്ചിലും; 20 മരണം
Monday, October 6, 2025 4:18 AM IST
ഡാർജലിംഗ്: വടക്കൻ ബംഗാളിലെ ഡാർജിലിംഗിലും മിറിക്കിലും കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു. നിരവധി വീടുകളും റോഡുകളും തകർന്നു. പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. നൂറുകണക്കിന് വിനോദസഞ്ചാരികൾ കുടുങ്ങി. പ്രധാന റൂട്ടുകളിലെല്ലാം ഗതാഗതം തടസപ്പെട്ട നിലയിലാണ്.
മരിച്ചവരിൽ ഏഴു കുട്ടികളും ഉൾപ്പെടുന്നു. ശനിയാഴ്ച രാത്രി മുതൽ പ്രദേശത്ത് കനത്ത മഴയാണ്. എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിൽമൂലം അനവധി വീടുകൾ തകർന്ന ധർ ഗാവ്, നഗരകാത എന്നിവിടങ്ങളിൽനിന്ന് 40 പേരെ രക്ഷപ്പെടുത്തി. മിറിക്കിലെ നിരവധി കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നല്കുമെന്നു മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ""സ്ഥിതിഗതികൾ ഗുരുതരമാണ്. 12 മണിക്കൂറിനിടെ 300 മില്ലിമീറ്റർ മഴയാണ് ഡാർജിലിംഗിൽ മാത്രം പെയ്തിറങ്ങിയത്. ഒട്ടേറെ വിനോദസഞ്ചാരികൾ കുടുങ്ങിയിട്ടുണ്ട്. അവർ എവിടെയാണോ അവിടെ തുടരുക. ഹോട്ടലുകൾ കൂടുതൽ തുക ഈടാക്കരുത്. ടൂറിസ്റ്റുകളുടെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വമാണ്’’- മമത പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിൽ ഇന്നു മുഖ്യമന്ത്രി സന്ദർശനം നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.
നേപ്പാളിൽ 51 മരണം
കാഠ്മണ്ഡു: കിഴക്കൻ നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും 51 പേർ മരിച്ചു. കോഷി പ്രവിശ്യയിലെ ഇലാം ജില്ലയിൽ മാത്രം 37 പേർ മരിച്ചു. നേപ്പാൾ സൈന്യവും പോലീസും എപിഎഫ് സംഘവുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രണ്ടു ദിവസമായി പ്രദേശത്ത് കനത്ത മഴയാണ്. നേപ്പാളിന് ആവശ്യമായ സഹായം നല്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.