അരവിന്ദ് കേജരിവാളിനു പുതിയ വീട് അനുവദിച്ചു
Wednesday, October 8, 2025 1:54 AM IST
ന്യൂഡൽഹി: മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനു പുതിയ വീട് അനുവദിച്ചു.
ഡൽഹിയിലെ 95 ലോധി എസ്റ്റേറ്റിലുള്ള ടൈപ്പ് ഏഴ് ബംഗ്ലാവാണ് ദേശീയ പാർട്ടിയുടെ അധ്യക്ഷനെന്ന നിലയിൽ കേജരിവാളിനു ലഭിച്ചിരിക്കുന്നത്. കേജരിവാളിനു ഔദ്യോഗികവസതി അനുവദിക്കുന്നതിൽ കാലതാമസമുണ്ടാകുന്നുവെന്ന് ഡൽഹി ഹൈക്കോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
നാല് കിടപ്പുമുറികളും വലിയ പുൽത്തകിടികളും ഒരു ഗാരേജും ജീവനക്കാരുടെ മൂന്നു ക്വാർട്ടേഴ്സും ഓഫീസും അടങ്ങുന്നതാണ് വീട്. 97-ാം നന്പർ ബംഗ്ലാവിൽ താമസിക്കുന്ന ശശി തരൂരാണ് കേജരിവാളിന്റെ അയൽവാസി. 81-ാം നന്പർ ബംഗ്ലാവിൽ വയനാട് എംപി പ്രിയങ്ക ഗാന്ധിയാണ് താമസിക്കുന്നത്.