ചുമമരുന്ന്: മധ്യപ്രദേശിൽ കൂട്ട നടപടി
Tuesday, October 7, 2025 1:52 AM IST
ജബല്‍പുര്‍: മധ്യപ്രദേശിലെ ചിന്ദ്വാഡയില്‍ ചുമമരുന്ന് കഴിച്ച് 14 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരേ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. മരുന്ന് നിര്‍ദേശിച്ച ശിശുരോഗ വിദഗ്ധന്‍ പ്രവീണ്‍ സോണിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
രണ്ട് ഡ്രഗ് ഇന്‍സ്പെക്ടര്‍മാരെയും ഒരു ഡെപ്യൂട്ടി ഡയറക്ടറെയും സസ്പെൻഡ് ചെയ്തതായി സർക്കാരും വ്യക്തമാക്കി. ഇതിനു പുറമേ ഡ്രഗ്സ് കണ്ട്രോളര് ദിനേശ് മൗര്യയെ സ്ഥലം മാറ്റിയതായി മുഖ്യമന്ത്രി മോഹന്‍ യാദവ് അറിയിച്ചു.
അറസ്റ്റിലായ ഡോ. പ്രവീൺ സോണി സർക്കാർ ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. ഇതിനൊപ്പം സ്വകാര്യ ക്ലിനിക്കും ഉണ്ട്. ഇവിടെയെത്തിയ കുട്ടികൾക്കാണു വിവാദമായ കോള്‍ഡ്രിഫ് നിര്‍ദേശിച്ചത്.
അതിനിടെ, സിറപ്പിന്റെ നിർമാതാക്കളായ തമിഴ്നാട് കാഞ്ചീപുരത്തെ ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പേരിലും മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സർക്കാരുകൾക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നല്കി. ഈ സംസ്ഥാനങ്ങളിൽ ചുമമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവങ്ങൾ വിശദമായി അന്വേഷിക്കാനും നിർദേശിച്ചു. വിവാദ മരുന്നിന്റെ വിൽപ്പന നർത്തിവയ്ക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.