പ്രൈം വോളിബോളില്‍ കാലിക്കട്ട് ഹീറോസിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി
Tuesday, October 7, 2025 12:36 AM IST
ഹൈദരാബാദ്: 2025 സീസണ് പ്രൈം വോളിബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കാലിക്കട്ട് ഹീറോസിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി.
സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെട്ട കാലിക്കട്ട് ഹീറോസ്, ഇന്നലെ മുംബൈ മിറ്റിയോർസിനോടും നേരിട്ടുള്ള സെറ്റുകള്‍ക്കു തോറ്റു. 15-9, 15-8, 15-12നായിരുന്നു മുംബൈക്കു മുന്നില്‍ കാലിക്കട്ട് മുട്ടുമടക്കിയത്. മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണ്. അമിത് ഗുലിയ ആണ് കളിയിലെ താരം.
രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ആറ് പോയിന്റുമായി മുംബൈ ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ട് ജയവുമായി അഞ്ച് പോയിന്റുള്ള ബംഗളൂരു ടോര്പിഡോസാണ് രണ്ടാമത്. കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് മൂന്നു പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
നടി മംമ്ത മോഹന്‍ദാസ് കാലിക്കട്ട് ഹീറോസിന് പിന്തുണയുമായി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. മികച്ച പാസുകള്‍ നല്കി ആക്രമണം നടത്താനായിരുന്നു കാലിക്കട്ട് ക്യാപ്റ്റന്‍ മോഹന്‍ ഉക്രപാണ്ഡ്യന്റെ ശ്രമം. എന്നാല്‍, ബ്ലോക്കര്‍ അഭിനവ് സലാറിന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മുംബൈ, കാലിക്കട്ടിന്റെ ആക്രമണ ഭീഷണി ഒഴിവാക്കി.
ഡെറ്റെ ബോസ്കോ ആയിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ഏറ്റവും അപകടകാരിയായ കളിക്കാരന്. കാലിക്കട്ടിന്റെ ആക്രമണങ്ങള്‍ക്ക് ഡെറ്റെ കരുത്ത് പകര്‍ന്നു. എന്നിരുന്നാലും പിഴവുകള്‍ കാലിക്കട്ടിനെ തളര്‍ത്തി. മുംബൈ ആധിപത്യം തുടരുകയും ചെയ്തു. 10ന് അഹമ്മദാബാദ് ഡിഫെന്ഡേഴ്സിനെതിരേയാണ് കാലിക്കട്ടിന്റെ അടുത്ത മത്സരം.
രണ്ടാം ജയത്തിനായി കൊച്ചി
പ്രൈം വോളിബോളില്‍ കേരളത്തിന്റെ മറ്റൊരു സാന്നിധ്യമായ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് സീസണിലെ രണ്ടാം ജയത്തിനായി ഇന്നു കോര്‍ട്ടില്‍ ഇറങ്ങും. കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ എതിരാളികള്‍. വൈകുന്നേരം 6.30നാണ് കൊച്ചി x കോല്‍ക്കത്ത പോരാട്ടം.
സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ (15-13, 16-14, 11-15, 11-15, 12-15) ചെന്നൈ ബ്ലിറ്റ്സിനു മുന്നില്‍ കൊച്ചി തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍, രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കി. ഗോവ ഗാര്ഡിയന്സിനെതിരേ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ 3-2നായിരുന്നു കൊച്ചിയുടെ ജയം (11-15, 17-15, 15-13, 10-15, 15-10).
കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിന്റെ രണ്ടാം മത്സരമാണ് ഇന്നു നടക്കുന്നത്. ആദ്യ മത്സരത്തില്‍ കോല്‍ക്കത്ത ബംഗളൂരു ടോര്‍പിഡോസിനോട് പരാജയപ്പെട്ടിരുന്നു.