പാരാ ലോക അത്ലറ്റിക്സില് ഇന്ത്യക്കു റിക്കാര്‍ഡ് മെഡല്‍ നേട്ടം
Tuesday, October 7, 2025 12:36 AM IST
ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച പാരാ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ റിക്കാര്‍ഡ് മെഡല്‍ നേട്ടം.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സമാപിച്ച 2025 ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം, ഒമ്പത് വെള്ളി, ഏഴ് വെങ്കലം എന്നിങ്ങനെ ഇന്ത്യ 22 മെഡല്‍ സ്വന്തമാക്കി.
പാരാ ലോക ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ റിക്കാര്‍ഡ് മെഡല്‍ നേട്ടമാണിത്. 2024ല്‍ ജപ്പാനിലെ കോബയില്‍ അരങ്ങേറിയ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം, അഞ്ച് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 17 മെഡല്‍ നേടിയതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.
ചൈനയെ മറിച്ച് ബ്രസീല്‍
പാരാ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ അപ്രമാദിത്വം അവസാനിപ്പിച്ച് ബ്രസീല്‍ മെഡല്‍ ടേബിളില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നതിനും ഡല്‍ഹി സാക്ഷ്യംവഹിച്ചു. 100 രാജ്യങ്ങള്‍ പങ്കെടുത്ത 2025 പാരാ ലോക ചാമ്പ്യന്‍ഷിപ്പില്‍ 15 സ്വര്‍ണം, 20 വെള്ളി, ഒമ്പത് വെങ്കലം എന്നിങ്ങനെ 44 മെഡലുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ബ്രസീല്‍ ആദ്യമായാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 13 സ്വര്‍ണം, 22 വെള്ളി, 17 വെങ്കലവുമായി ചൈനയാണ് രണ്ടാമത്. 22 മെഡല്‍ നേടിയ ഇന്ത്യ 10-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ടേബിളില്‍ റിക്കാര്ഡിക്കലാക്കിയ 2002 മുതല്‍ 2025വരെയായി എട്ട് തവണ ചൈന ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. രണ്ടു തവണ മാത്രമാണ് ചൈനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്; 2013ലും 2025ലും. 2013ല്‍ റഷ്യയായിരുന്നു ഒന്നാമത്.