ശബരിമല സ്വർണപ്പാളി വിവാദം: കളവ് തെളിഞ്ഞു, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ഹൈക്കോടതി
Tuesday, October 7, 2025 1:52 AM IST
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ വടിയെടുത്ത് ഹൈക്കോടതി. ശബരിമലയിൽനിന്ന് 2019ൽ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ അത്രയും സ്വർണം ദ്വാരപാലക ശില്പത്തിനൊപ്പം തിരിച്ചെത്തിയില്ലെന്നു വ്യക്തമാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.
സാമ്പത്തികലാഭത്തിനുവേണ്ടി സ്വർണം പൊതിഞ്ഞ യഥാർഥ ദ്വാര പാലക ശില്പങ്ങൾ 2019ൽ സ്പോൺസർ വില്പന നടത്തിയോയെന്നും സംശയിക്കാമെന്ന് വിജിലൻസ് റിപ്പോർട്ട് പരിശോധിച്ച കോടതി വിലയിരുത്തി.
വിഷയത്തില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ച ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി.ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എച്ച്. വെങ്കിടേഷിനെ എസ്ഐടിയുടെ തലവനായി നിയമിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്) എസ്. ശശിധരന് അന്വേഷണത്തിനു നേതൃത്വം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
വിവിധ പോലീസ് സ്റ്റേഷനുകളില്‍നിന്നുള്ള ഇന്‍സ്പെക്ടര്‍മാരും അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെയുള്ള സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് സഹായം നല്‍കണമെന്നും കോടതി നിർദേശിച്ചു.
വിഷയം ഗൗരവമുള്ളതായതിനാല്‍ പോലീസ് എല്ലാ വശങ്ങളും പരിശോധിക്കണമെന്നും കോടതി നിര്‍ദേശം നല്കി. ഒരു മാസത്തിനകം അന്വേഷണറിപ്പോര്‍ട്ട് നല്‍കണം. അന്വേഷണവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. മൂന്ന് ദശാബ്ദമായുള്ള നടപടികൾ പ്രത്യേക സംഘത്തിന്റെ അന്വേഷണപരിധിയിൽ വരണമെന്നും കോടതി നിർദേശിച്ചു.
നിലവില്‍ നടക്കുന്ന വിജിലന്‍സിന്റെ ഇടക്കാല അന്വേഷണറിപ്പോര്‍ട്ട് വിജിലന്‍സ് ഓഫീസര്‍ നേരിട്ടെത്തി കോടതിയില്‍ ഹാജരാക്കി. ഇതു പരിശോധിച്ചാണ് കോടതിയുടെ നിര്‍ദേശം. സംഭവം ഗുരുതരമായ വിഷയമാണെന്നും ഉണ്ണികൃഷ്ണന് പോറ്റി മാത്രമാണോ ഇതില്‍ ഉള്‍പ്പെട്ടതെന്നു പരിശോധിക്കണമെന്നും ഉദ്യോഗസ്ഥ തല ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയന്ന് കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. കോടതി നിര്‍ദേശിച്ച അന്വേഷണ ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തിലേക്ക് വിട്ടുനല്‍കാന്‍ കഴിയുമോയെന്ന് വെള്ളിയാഴ്ചയ്ക്കകം സര്‍ക്കാര്‍ കോടതിയെ അറിയിക്കണം.
1998-99ൽ ശ്രീകോവിൽ ഉൾപ്പെടെ സ്വർണം പൊതിഞ്ഞതിന്റെ തരംതിരിച്ചുള്ള വിവരങ്ങൾ സ്പോൺസറായ യുണൈറ്റഡ് ബ്രൂവറീസിന്റെ ഫിനാൻസ് മാനേജർ അയച്ച കത്തിൽ വ്യക്തമാണ്. ആകെ 30.3 കിലോ സ്വർണമാണ് അന്ന് ഉപയോഗിച്ചത്. ദ്വാരപാലക ശില്പങ്ങൾക്ക് 1.5 കിലോ വേണ്ടിവന്നു. എന്നാൽ, 2019ൽ ചെന്നൈയിലെത്തിച്ചു സ്വർണം പൂശിയപ്പോൾ 394 ഗ്രാം മാത്രമാണ് ഉപയോഗിച്ചത്.
ചെമ്പുപാളികളാണ് കൊടുത്തുവിട്ടതെന്ന് മഹസറിൽ ഉദ്യോഗസ്ഥർ തെറ്റായി രേഖപ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണ്. അധികൃതരുടെ പങ്ക് ഉൾപ്പെടെ സമഗ്രമായി അന്വേഷിക്കണം. സ്വർണം പൂശാൻ ചുമതലപ്പെടുത്തിയ സ്മാർട്ട് ക്രിയേഷൻസ് 2024ൽ ദേവസ്വത്തിനയച്ച കത്തിൽ, ദ്വാരപാലക ശില്പങ്ങൾ പോറ്റിയുടെ പക്കൽ നേരിട്ട് കൊടുത്തുവിടാനാണു പറയുന്നത്. ഈ നടപടി അദ്ഭുതപ്പെടുത്തുന്നു. മോഷണത്തിന്റെയും വിശ്വാസവഞ്ചനയുടെയും ക്രിമിനൽ ദുരുപയോഗത്തിന്റെയും എല്ലാ സാധ്യതകളുമാണ് വെളിപ്പെടുത്തുന്നതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
സ്വര്‍ണം പൂശുന്ന ജോലി ഏറ്റെടുത്ത ഉണ്ണികൃഷ്ണന് പോറ്റി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയശേഷം തന്റെ കൈവശം സ്വര്‍ണം ബാക്കിയുണ്ടെന്ന് കാണിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഒരു ഇ-മെയില്‍ അയച്ചതായി വിജിലന്‍സ് കോടതിയെ അറിയിച്ചു.
പരിചയമുള്ളതോ ബന്ധമുള്ളതോ ആയ ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ഈ സ്വര്‍ണം ഉപയോഗിക്കാന്‍ കഴിയുമോയെന്ന് പോറ്റി ഇ-മെയിലില്‍ ചോദിച്ചതായി ആരോപണമുയര്‍ന്നു. ഈ സാഹചര്യത്തിലാണു കോടതി പ്രത്യേകമായി ഈ വിഷയം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.
ദ്വാരപാലക വിഗ്രഹങ്ങളെയും 2019ല്‍ എടുത്ത ഫോട്ടോഗ്രാഫുകളെയും താരതമ്യം ചെയ്യുന്നതിനായി ശബരിമലയിലെ സ്ട്രോംഗ് റൂം തുറക്കാനും എല്ലാ പൊരുത്തക്കേടുകളും ശരിയായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി വിജിലന്‍സ് ഉദ്യോഗസ്ഥന് അനുമതി നല്‍കിയിട്ടുണ്ട്.