കുറ്റവാളികളെ വെറുതേ വിടില്ലെന്ന് മന്ത്രി വാസവൻ
Tuesday, October 7, 2025 1:52 AM IST
തിരുവനന്തപുരം: ശബരിമലയിൽ അവതാരങ്ങളെ ആവശ്യമില്ലെന്നും അകറ്റിനിർത്തണമെന്നും മന്ത്രി വി.എൻ. വാസവൻ. സമഗ്രമായ അന്വേഷണത്തിലൂടെ സ്വർണപ്പാളി കാണാതായതിലെ വസ്തുതകൾ പുറത്തുവരണം. കുറ്റവാളികളെ വെറുതേ വിടില്ല. തെറ്റുകാരോട് വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു.
സ്വർണപ്പാളി സ്വർണം പൂശിയതിന്റെ വാറന്റി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലാക്കാൻ അനുവദിച്ചത് ആരാണെന്നും ഇദ്ദേഹത്തിന്റെ കൈവശം ഇതു കൊടുത്തുവിട്ടതെന്തിനാണെന്നും അന്വേഷിക്കണം. 40 വർഷമായി അവിടത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. ഇതിലൊന്നും സർക്കാരിന് ബന്ധമില്ല. ദൈനംദിന കാര്യങ്ങളിൽ മന്ത്രിയോ വകുപ്പോ ഇടപെടാറില്ല.
സർക്കാർ നിർദേശപ്രകാരം ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു.സ്വർണം പൂശിയ 1998 മുതൽ ഇതുവരെയുള്ള വസ്തുതകൾ അന്വേഷണത്തിൽ പുറത്തുവരണം.
ആഗോള അയ്യപ്പ സംഗമത്തിനു മൂന്നുദിവസം മുൻപ് ഉണ്ണികൃഷ്ണൻ പോറ്റി ചാനലിലൂടെ നാലു കിലോ സ്വർണം കാണാതായെന്ന് ആരോപണം ഉന്നയിച്ചിരുന്നു. വിജിലൻസ് അന്വേഷണത്തിൽ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് നാലു കിലോയുള്ള പീഠം കണ്ടെത്തി. ഇത് സ്വർണമാണോ ചെന്പാണോയെന്ന് അന്വേഷണത്തിൽ തെളിയണം.