പൊതുസേവനം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥനെതിരേ നടപടി
Tuesday, October 7, 2025 1:03 AM IST
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് സർക്കാരിൽനിന്നു ലഭിക്കേണ്ട സേവനങ്ങൾ യഥാസമയം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനു നിയമം വരുന്നു.
ഇതിനു പുറമെ സേവനം യഥാസമയം ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സേവനാവകാശ കമ്മീഷൻ രൂപീകരിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന 2025ലെ കേരള പൊതുസേവനാവകാശ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു.
നിശ്ചിത കാലയളവിനുള്ളിൽ സേവനം ലഭ്യമായില്ലെങ്കിൽ സേവനത്തിന് അർഹതയുള്ള ആളിന് അപ്പീൽ നൽകാം. വീഴ്ച വരുത്തിയതായി കണ്ടെത്തിയാൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് 1,000 രൂപ മുതൽ 10,000 രൂപ വരെ പിഴ ചുമത്താൻ ഒന്നാം അപ്പീൽ അധികാരിക്കും 2,000 രൂപ മുതൽ 15,000 രൂപ വരെ പിഴ ചുമത്താൻ രണ്ടാം അപ്പീൽ അധികാരിക്കും അധികാരം നൽകുന്നതാണ് നിയമം.
ഇതിനു പുറമെ നിയമത്തിനു കീഴിൽ രൂപീകരിക്കപ്പെടുന്ന കേരള സംസ്ഥാന സേവനാവകാശ കമ്മീഷന് വീഴ്ച വരുത്തുന്ന പൊതു അധികാര സ്ഥാപനത്തിന്റെ തലവനെതിരേ 10,000 രൂപ വരെ പിഴ ചുമത്താനുള്ള അധികാരവും നൽകുന്നതാണ് ബിൽ. ഈടാക്കുന്ന പിഴത്തുകയിൽനിന്ന് അർഹതയുള്ളവർക്കു നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ജഡ്ജി പദവിയിൽനിന്നു വിരമിച്ച ആളോ കേന്ദ്ര-സംസ്ഥാന സർവീസുകളിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത സ്ഥാനം വഹിച്ചിരുന്ന ആളോ 10 വർഷമോ അതിൽ കൂടുതലോ അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടിട്ടുള്ള ആളെയോ ആയിരിക്കണം കമ്മീഷനായി നിയമിക്കേണ്ടത്.
മൂന്നു വർഷം അല്ലെങ്കിൽ 65 വയസ് പൂർത്തിയാകുന്നതു വരെയാണ് കമ്മീഷന്റെ ഔദ്യോഗിക കാലാവധി. കാലാവധി പൂർത്തിയാക്കുന്നവർക്ക് പുനർനിയമനത്തിന് അർഹതയില്ല തുടങ്ങിയ വ്യവസ്ഥകളാണ് കമ്മീഷന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കമ്മീഷന്റെ ശന്പളം, ബത്ത, ഓഫീസ്, ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും അവരുടെ സേവനവ്യവസ്ഥകളും തുടങ്ങിയ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായുള്ള തുക ബജറ്റിൽനിന്നുള്ള പ്രത്യേക ഗ്രാന്റായി അനുവദിക്കുമെന്നും ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുസേവനം പ്രദാനം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ സ്വമേധയാ നടപടി സ്വീകരിക്കാൻ കമ്മീഷന് അധികാരമുണ്ടായിരിക്കും. അപ്പീൽ അധികാരികളുടെ ഓഫീസുകളിൽ പരിശോധന നടത്താനും സേവനം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണത്തിനു ശിപാർശ ചെയ്യുക, അച്ചടക്ക നടപടി സ്വീകരിക്കാൻ നിയമനാധികാരിക്ക് ശിപാർശ ചെയ്യുക തുടങ്ങിയ ചുമതലകളും കമ്മീഷനിൽ നിക്ഷിപ്തമാക്കുന്നതാണ് ബിൽ. വിശദ പരിശോധനയ്ക്കായി ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.