ഭിന്നശേഷി നിയമനം; കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Tuesday, October 7, 2025 1:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നിയമനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കൂടിക്കാഴ്ച നടത്തി.
ഇന്നലെ വൈകുന്നേരമായിരുന്നു കൂടിക്കാഴ് ച. ഭിന്നശേഷി നിയമന കാര്യം സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടുമെന്ന് കർദിനാളിന് മുഖ്യമന്ത്രി ഉറപ്പു നല്കി. നിയമവശം പരിശോധിച്ച് ഉടൻ പരിഹാരം കണ്ടെത്തുമെന്നും മുഖ്യമന്ത്രി കർദിനാളിനെ അറിയിച്ചു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശങ്ക തീർക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഭിന്നശേഷി നിയമനത്തിൽ എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് മറ്റു മാനേജ്മെന്റുകൾക്ക് ബാധകമല്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിതന്നെ നേരിട്ട് പ്രശ്നത്തിൽ ഇടപെട്ടതും കർദിനാളുമായി ചർച്ച നടത്തിയതും.