പുലിവാലു പിടിച്ച് സർക്കാരും ഭരണമുന്നണിയും
Tuesday, October 7, 2025 1:52 AM IST
സാബു ജോണ്
തിരുവനന്തപുരം: പുലിവാലു പിടിച്ച അവസ്ഥയിലായി ഇടതുമുന്നണിയും സർക്കാരും. അയ്യപ്പസംഗമം നടത്തി ഭക്തരുടെ വിശ്വാസം തിരിച്ചുപിടിച്ചു എന്ന് ആശ്വസിച്ചിരിക്കുന്പോഴാണ് സ്വർണപ്പാളി ആരോപണം കത്തിപ്പിടിച്ചു പടരുന്നത്.
അയ്യപ്പസംഗമത്തിനു പിന്നാലെ എൻഎസ്എസിന്റെ പിന്തുണകൂടി ഉറപ്പിച്ചതോടെ ഇടതുകേന്ദ്രങ്ങൾ വലിയ ആത്മവിശ്വാസമാണു പ്രകടിപ്പിച്ചിരുന്നത്. ഹിന്ദു വിഭാഗത്തിലെ പ്രബലമായ രണ്ടു സമുദായ സംഘടനകളുടെ പിന്തുണ ലഭിച്ചതോടെ മൂന്നാം പിണറായി സർക്കാർ ഉറപ്പിച്ച മട്ടിയാലിരുന്നു ഇടതുകേന്ദ്രങ്ങൾ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വരെ ഇത് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരുന്നു.
അയ്യപ്പസംഗമത്തെ തുറന്ന് എതിർത്ത യുഡിഎഫ് ആകട്ടേ ഭരണത്തിന്റെ അവസാനനാളുകളിൽ നടത്തിയ സംഗമത്തിനു രാഷ്ട്രീയലക്ഷ്യങ്ങൾ മാത്രമേയുള്ളൂ എന്ന് ആരോപിച്ചിരുന്നു. ബിജെപിയാകട്ടേ പന്തളത്തു നടത്തിയ ബദൽ സംഗമത്തിനു പിന്തുണ നൽകി രംഗത്തു നിന്നു. എങ്കിലും അയ്യപ്പസംഗമം പൊതുവേ സർക്കാരിനും ഇടതുപക്ഷത്തിനും ഗുണം ചെയ്തു എന്ന അഭിപ്രായമാണ് നിലനിന്നത്.
ഇതിനിടെയാണ് ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ അപ്രത്യക്ഷമായ വാർത്ത പുറത്തു വന്നത്. ഈ വിവാദത്തിൽ നിന്ന് അകലം പാലിച്ചു നിൽക്കാനാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചു വന്നത്.
എന്നാൽ ഒന്നിനു പിറകെ ഒന്നായി പുറത്തു വരുന്ന വിവരങ്ങൾ സർക്കാരിനെയും വെട്ടിലാക്കുകയാണ്. ഇതുസംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിക്കൊണ്ട് ഹൈക്കോടതിയും കർക്കശമായ ഇടപെടൽ നടത്തുകയാണ്. ഇതു സംബന്ധിച്ച വിവാദം ഉടൻ കെട്ടടങ്ങില്ലെന്നാണ് ഇതെല്ലാം കാണിക്കുന്നത്.
പ്രതിപക്ഷം അതിശക്തമായ നിലപാടിലാണ്. നിയമസഭയ്ക്കുള്ളിലെ പതിവു പ്രതിഷേധരീതിയിൽനിന്നു വ്യതിചലിച്ചു കൊണ്ട് കടുത്ത മുറ സ്വീകരിച്ചത് അതിന് ഉദാഹരണമാണ്. ചോദ്യോത്തരവേള മുതൽ സഭ തടപ്പെടുത്തുന്ന സമരമുറ അവർ സമീപകാലത്തു സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച അടിയന്തരപ്രമേയം പരിഗണിക്കാൻ പോലും സ്പീക്കർ തയാറാകാതിരുന്നപ്പോഴും അവർ സാധാരണനിലയിലുള്ള പ്രതിഷേധമേ പ്രകടിപ്പിച്ചുള്ളൂ. എന്നാൽ വിഷയം കൂടുതൽ കത്തിപ്പടരുമെന്ന് അവർക്കും ഇപ്പോൾ ബോധ്യമായിട്ടുണ്ട്. പിണറായി സർക്കാരിൽ കരുത്തനായ ദേവസ്വംമന്ത്രിയുടെ രാജിയാണ് അവർ ആവശ്യപ്പെടുന്നത്.
ഇന്നലെ നടന്ന കോണ്ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിലും ഇന്നു നടക്കാനിരിക്കുന്ന യുഡിഎഫ് നേതൃയോഗത്തിലും പ്രധാന ചർച്ച ശബരിമല തന്നെയാണ്. സമരം കടുപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാനാണ് യുഡിഎഫ് തീരുമാനം. ബിജെപിയും പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ന് അവർ ക്ലിഫ് ഹൗസ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
തദ്ദേശതെരഞ്ഞെടുപ്പിലേക്കു കേരളം നടന്നടുത്തു കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പു വിജ്ഞാപനം വരും. ഇതിനിടയിലാണ് ഇങ്ങനെയൊരു വിവാദം പൊട്ടിപ്പുറപ്പെട്ടതും പുതിയ മാനങ്ങളിലേക്കു വഴിമാറിക്കൊണ്ടിരിക്കുന്നതും.