നായയ്ക്ക് എന്ത് നാടകം...; തെരുവുനായ ശല്യത്തിനെതിരേയുള്ള നാടകത്തിനിടെ നടനെ നായ സ്റ്റേജിൽ കയറി കടിച്ചു
Tuesday, October 7, 2025 1:52 AM IST
മയ്യിൽ: തെരുവുനായശല്യത്തിനെതിരേയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ വേദിയിലേക്കു തെരുവുനായ ഓടിക്കയറി നടനെ കടിച്ചുപരിക്കേൽപ്പിച്ചു. കണ്ടക്കൈയിലെ പി. രാധാകൃഷ്ണനാണ് (56) നാടകാവതരണത്തിനിടെ കടിയേറ്റത്. മയ്യിൽ കണ്ടക്കൈ കൃഷ്ണപിള്ള വായനശാല ഞായറാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.
പേക്കാലം എന്ന പേരിലുള്ള നാടകത്തിൽ. തെരുവുനായ ആളുകളെ കുരച്ചുകൊണ്ട് ആക്രമിക്കുന്ന ഭാഗം അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. നായ കുരയ്ക്കുന്ന ശബ്ദം സൗണ്ട് ബോക്സിലൂടെ പുറത്തുവന്നപ്പോൾ ആൾക്കൂട്ടത്തെ മറികടന്ന് തെരുവുനായ വേദിയിലേക്കു കുതിച്ചെത്തുകയായിരുന്നു.
നായ ഓടി വരുന്നതു കാണികളും സംഘാടകരും കണ്ടെങ്കിലും നാടകത്തിനായി പരിശീലനം നൽകിയ നായയായിരിക്കുമെന്നാണ് കരുതിയത്. ഓടിവന്ന നായ നടനെ കടിച്ചെങ്കിലും അസ്വാഭാവികത ഒന്നും പ്രകടിപ്പിക്കാതെ ഇദ്ദേഹം കൈയിലുള്ള വടികൊണ്ടു നായയെ വിരട്ടിയോടിച്ച് നാടകാവതരണം തുടർന്നു.
ഇതോടുകൂടി നായയും നാടകത്തിന്റെ ഭാഗമാണെന്ന് എല്ലാവരും കരുതി. എന്തൊരു കൃത്യത, നായയെ ഇങ്ങനെയൊക്കെ പരിശീലിപ്പിച്ചെടുക്കാനുകുമോ എന്നിങ്ങനെയുള്ള കമന്റുകളും സദസിൽനിന്നു ഉയർന്നു.
ഒടുവിൽ നാടകം പൂർത്തിയായതോടെ തന്മയത്വമാർന്ന അഭിനയമികവിനെയും നായയെ പരിശീലിപ്പിച്ചെടുത്തതിനെയും പ്രശംസിക്കാനായി സംഘാടകരും കാണികളും വേദിയിലെത്തിയപ്പോൾ നായ തന്റേതല്ലെന്നും തനിക്ക് കടിയേറ്റെന്ന് പറഞ്ഞ് മുറിപ്പാടുകൾ കാട്ടികൊടുത്തതോടെ എല്ലാവരും സ്തബ്ധരായി.
ഉടൻതന്നെ സംഘാടകർ രാധാകൃഷ്ണനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ നാടകവേദിക്കു സമീപത്തെ സ്ഥലത്ത് തെരുവുനായയുടെ കുഞ്ഞുങ്ങളെ കണ്ടെത്തി.
നായ കുരയ്ക്കുന്ന ശബ്ദം നാടകത്തിന്റെ പിന്നണിയിൽനിന്നും കേട്ടതോടെ പ്രസവിച്ചു കിടക്കുന്ന തെരുവുനായ പ്രകോപിതയായി ആക്രമിക്കുകയായിരുന്നുവെന്നാണു കരുതുന്നത്.