കാട്ടാനക്കൂട്ടം ആക്രമിച്ചു, ബൈക്ക് യാത്രികന് ദാരുണാന്ത്യം
Tuesday, October 7, 2025 1:52 AM IST
അഗളി: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. തേക്കുവെട്ട ബൊമ്മിയാംപടി രങ്കസ്വാമിയുടെ മകൻ ശാന്തകുമാർ (40) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഏഴുമണിയോടെ താവളം-മുള്ളി റോഡിൽ പഴത്തോട്ടത്തിനു സമീപമാണ് ആക്രമണം. ജോലികഴിഞ്ഞു വീട്ടിലേക്കു ബൈക്കിൽ പോകുന്നതിനിടെ എതിരേവന്ന കാട്ടാനക്കൂട്ടം ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ പരിസരവാസികൾ ബഹളംവച്ചതോടെ ആനകൾ സ്ഥലംവിട്ടു.
ശാന്തകുമാറിനെ കൂക്കംപാളയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം മണ്ണാർക്കാട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്.സുമതിയാണ് ശാന്തകുമാറിന്റെ ഭാര്യ. മക്കൾ: ഇന്ദ്രജിത്ത്, രഞ്ജിനി.