കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു
Tuesday, October 7, 2025 1:52 AM IST
രാജാക്കാട്: കാട്ടാനക്കലിയിൽ ഒരു കർഷകൻകൂടി കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ ശാന്തൻപാറ ചിന്നക്കനാൽ ചുണ്ടൽ സ്വദേശി ജോസഫ് എന്ന വേലുച്ചാമി (62)ആണ് കൊല്ലപ്പെട്ടത്.
പന്നിയാർ എസ്റ്റേറ്റിന് സമീപമുള്ള സ്വന്തം കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ രാവിലെ ഒൻപതോടെയാണ് ചക്കക്കൊന്പൻ എന്ന കാട്ടാന ആക്രമിച്ചത്.
ആനയെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോസഫിനെ കാട്ടാന അടിച്ചിട്ടശേഷം നിലത്തിട്ട് പലതവണ ചവിട്ടി. കൈകളിലും കാലുകളിലും എല്ലുകൾ ഒടിഞ്ഞുനുറുങ്ങിയ നിലയിലായിരുന്നു. ശരീരത്താകമാനം ചവിട്ടേറ്റിട്ടുണ്ട്.
ബഹളം കേട്ട് അടുത്ത എസ്റ്റേറ്റിലെ തൊഴിലാളികൾ ഓടിയെത്തിയെങ്കിലും ആന അവിടെത്തന്നെ നിലയുറപ്പിച്ചതിനാൽ ആളുകൾക്ക് അടുക്കാൻ കഴിഞ്ഞില്ല. ഏഴെണ്ണം വീതമുള്ള കാട്ടാനകളുടെ രണ്ടുകൂട്ടം പന്നിയാർ ഭാഗത്ത് ഒന്നര കിലോമീറ്റർ ചുറ്റളവിൽ തന്പടിച്ചിരിക്കുകയാണ്. റാപ്പിഡ് റസ്പോണ്സ് ടീം ഉണ്ടായിരുന്നെങ്കിലും ഇവർ മടങ്ങിയ ശേഷമാണ് കാട്ടാന ആക്രമിച്ചത്.
വനം വകുപ്പുദ്യോഗസ്ഥർ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ ഓടിച്ച ശേഷമാണ് ജോസഫിന്റെ മൃതദേഹം ഇവിടെനിന്നു മാറ്റാനായത്.
വനംവകുപ്പിന്റെ വാഹനത്തിൽ രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. വനംവകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
ജോസഫിന്റെ കുടുംബത്തിനു നഷ്ടപരിഹാരം ഉടൻ കൈമാറണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കാട്ടാനകളെ ജനവാസ മേഖലയിൽനിന്നു തുരത്താൻ ആവശ്യമായ സംവിധാനങ്ങളുടെ കുറവുണ്ടെന്ന് വനം ഉദ്യോഗസ്ഥർ പറയുന്നു. പൂപ്പാറ, ചൂണ്ട, ചിന്നക്കനാൽ, ബിഎൽറാം, സിങ്കുകണ്ടം തുടങ്ങിയ ജനവാസ മേഖലകളിൽ 14 കാട്ടാനകൾ നിലയുറപ്പിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.