സാങ്കേതിക സർവകലാശാലാ വിസി നിയമനത്തിൽ ഗവർണറുടെ ഇടപെടൽ വേണ്ടെന്ന് സർക്കാർ
Tuesday, October 7, 2025 1:03 AM IST
തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽനിന്നു ചാൻസലറായ ഗവർണറുടെ ഇടപെടൽ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരുന്നു.
ഇതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയ 2025ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവകലാശാലാ (ഭേദഗതി) ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. ഇതിനു പുറമെ 13 സർവകലാശാലകളിൽ സിൻഡിക്കറ്റ് യോഗം വിളിക്കുന്നതിൽ വിസിമാർക്കുള്ള അധികാരം നിയന്ത്രിക്കുന്നതിനുള്ള കേരള സർവകലാശാലാ നിയമങ്ങൾ (ഭേദഗതി) ബില്ലുകളും നിയമസഭയിലെത്തി.
കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കാലടി, കുസാറ്റ്, കെടിയു, മലയാളം, ഓപ്പണ്‍, വെറ്ററിനറി, ആരോഗ്യ, ഫിഷറീസ്, കാർഷിക സർവകലാശാലകളിലെ സിൻഡിക്കറ്റിന്റെ യോഗം രണ്ടു മാസത്തിലൊരിക്കൽ വിസി വിളിച്ചുചേർക്കണമെന്ന വ്യവസ്ഥയാണു കൂട്ടിച്ചേർക്കുന്നത്. മൂന്നിലൊന്ന് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാൽ ഏഴു ദിവസത്തിനകം സിൻഡിക്കറ്റ് യോഗം വിസി വിളിച്ചുചേർക്കണമെന്ന വ്യവസ്ഥയും ഇതോടൊപ്പം കൂട്ടിച്ചേർക്കുന്നുണ്ട്.
വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽനിന്ന് ചാൻസലറായ ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കുന്നതാണു ഡിജിറ്റൽ സർവകലാശാലാ നിയമത്തിൽ ബില്ലിലൂടെ കൊണ്ടുവരുന്ന പ്രധാന ഭേദഗതികളിലൊന്ന്.
ഐടി/ഇലക്ട്രോണിക്സ് മേഖലയിൽനിന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ നാമനിർദേശം ചെയ്യുന്ന പ്രഗത്ഭനായ അക്കാദമീഷൻ കണ്‍വീനറാകുന്ന സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി, സർവകലാശാലാ ബോർഡ് ഓഫ് ഗവേണേഴ്സ് പ്രതിനിധി, ഐടി/ഇലക്ട്രോണിക്സ് മേഖലയിൽനിന്ന് കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ നാമനിർദേശം ചെയ്യുന്ന പ്രതിനിധി, ഉന്നതവിദ്യാഭ്യാസ മേഖലയിൽനിന്ന് സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന പ്രതിനിധി എന്നിവരടങ്ങിയതാണ് സെർച്ച് കമ്മിറ്റി.
ചാൻസലറായ ഗവർണർക്ക് സെർച്ച് കമ്മിറ്റിയിൽ പ്രതിനിധി ഇല്ല. വിസി നിയമനത്തിനുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിക്കണമെന്നും സെർച്ച് കമ്മിറ്റിക്ക് മൂന്നു പേരടങ്ങിയ പാനൽ ഐകകണ്ഠേ്യനയോ ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായമോ അനുസരിച്ച് തയാറാക്കി ചാൻസലർക്കു സമർപ്പിക്കാമെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു. വിസി നിയമനത്തിനുള്ള പ്രായപരിധി 70 വയസാക്കാനുള്ള വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.