നിയമസഭാ തെരഞ്ഞെടുപ്പ്; ബിഹാറിൽ രണ്ടുഘട്ടം, നവംബർ 6, 11
Tuesday, October 7, 2025 1:52 AM IST
സനു സിറിയക്
ന്യൂഡൽഹി: വോട്ടർപട്ടികയിൽ ഏർപ്പെടുത്തിയ സമഗ്ര പരിഷ്കരണത്തെ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ- എസ്ഐആർ)തുടർന്ന് ഏറെ ചർച്ചയായ ബിഹാറിൽ നിയമസഭാതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായി നവംബർ ആറിനും 11നുമാണ് തെരഞ്ഞെടുപ്പെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാരേഷ് കുമാർ അറിയിച്ചു.
വോട്ടെണ്ണൽ നവംബർ 14നു നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം ഈ മാസം പത്തിനും രണ്ടാം ഘട്ടത്തിന്റേത് 13നും പുറപ്പെടുവിക്കും. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള തീയതി യഥാക്രമം 18, 21 എന്നിങ്ങനെയാണ്. ആദ്യഘട്ടത്തിൽ 121 സീറ്റുകളിലും രണ്ടാം ഘട്ടത്തിൽ 122 സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും.
243 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ 7.43 വോട്ടർമാരാണ് ആകെയുള്ളത്. 3.5 കോടി സ്ത്രീ വോട്ടർമാരും 3.92 പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. ഭിന്നലിംഗത്തിൽപ്പെടുന്ന 1725 പേർ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
14.01 ലക്ഷം വോട്ടർമാർ ആദ്യമായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ആകെയുള്ള 243 സീറ്റിൽ 203 എണ്ണം ജനറൽ വിഭാഗത്തിലും 38 എണ്ണം പട്ടികജാതി വിഭാഗത്തിലും ഉൾപ്പെടുന്നവയാണ്. പട്ടികവർഗ വിഭാഗത്തിൽ രണ്ടു സീറ്റുകളാണുള്ളത്.
ആകെയുള്ള 9000ത്തിലധികം പോളിംഗ് സ്റ്റേഷനുകളിൽ 1000 എണ്ണം പൂർണമായും കൈകാര്യം ചെയ്യുന്നത് സ്ത്രീകളായിരിക്കും.