പ്രളയമേഖല സന്ദർശിക്കാനെത്തിയ ബിജെപി നേതാക്കളെ ജനക്കൂട്ടം ആക്രമിച്ചു
Tuesday, October 7, 2025 1:52 AM IST
കോൽക്കത്ത: വടക്കൻ ബംഗാളിലെ പ്രളയബാധിത മേഖലയിലെത്തിയ ബിജെപി എം.പി ഖഗൻ മുർമുവിനെയും എംഎൽഎ ശങ്കർ ഘോഷിനെയും ജനക്കൂട്ടം ആക്രമിച്ചു.
ഇന്നലെ ഉച്ചയോടെയുണ്ടായ ആക്രമണത്തിലും കല്ലേറിലും തലയ്ക്ക് പരിക്കേറ്റ ഖഗന്‍ മുര്‍മു ആശുപത്രിയിൽ ചികിത്സയിലാണ്. എംഎൽഎ ശങ്കർഘോഷ് ചിത്രീകരിച്ച സംഘർഷദൃശ്യങ്ങളിലൂടെയാണ് ആക്രമണവിവരം പുറംലോകം അറിഞ്ഞത്.
ജല്‍പായ്ഗുരി ജില്ലയിലെ നഗ്രാകാട്ടയില്‍ ദിവസങ്ങളായി തുടരുന്ന മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 28 മരണം ഉൾപ്പെടെ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഇവിടെ പരിശോധനയ്ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എത്തിയതായിരുന്നു ഖഗന്‍ മുര്‍മുവും സംഘവും. ഇതിനിടെയാണ് ജനക്കൂട്ടത്തിന്റെ ആക്രമണം.