കരുത്തു കാട്ടി സൂചികകൾ
Monday, October 6, 2025 11:08 PM IST
മുംബൈ: ഐടി, ബാങ്കിംഗ്, ഫിനാൻഷൽ സർവീസ് ഓഹരികളിൽ ഇന്നലെയുണ്ടായ ശക്തമായ വാങ്ങലിൽ ഇന്ത്യൻ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും ഉയർന്നു.
നിഫ്റ്റി 25000 പോയിന്റിലേക്കു തിരിച്ചെത്തിയപ്പോൾ സെൻസെക്സ് 583 പോയിന്റുകളാണ് മുന്നേറിയത്. ആഗോള സൂചികകളിലുണ്ടായ പോസിറ്റീവ് വികാരവും രണ്ടാം പാദ വരുമാന സീസണിന് മുന്പുള്ള ശുഭാപ്തിവിശ്വാസവും ഇന്ത്യൻ ഓഹരിവിപണിയെ സ്വാധീനിച്ചു.
ഇന്നലെ വ്യാപാരം പൂർത്തിയായപ്പോൾ നിഫ്റ്റി 183.40 പോയിന്റ് (0.74%) ഉയർന്ന് 25,077.65ലും സെൻസെക്സ് 582.95 പോയിന്റ് നേട്ടത്തോടെ 81,790.12ലുമെത്തി.
കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് വിപണി. മൂന്നു ദിവസം കൊണ്ട് 1,500 പോയിന്റാണ് സെൻസെക്സിലെ നേട്ടം. ഇന്ന് നിക്ഷേപകരുടെ സന്പത്തിൽ ഏകദേശം 2.09 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി.
വിശാല വിപണികളിൽ നിഫ്റ്റി മിഡ്കാപ് 0.89 ശതമാനവും സ്മോൾകാപ് 0.28 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് 0.68 ശതമാനം ഉയർന്നപ്പോൾ സ്മോൾകാപ് 0.20 ശതമാനം താഴ്ന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ നിഫ്റ്റി ഐടി 2.28 ശതമാനം ഉയർന്ന് ഏറ്റവും മികച്ച പ്രകടനം നടത്തി. എച്ച് വണ് ബി വീസയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഐടി ഓഹരികൾക്ക് വലിയ ഇടിവാണ് സംഭവിച്ചത്.
ഈ തിരിച്ചടിയിൽ നിന്നുള്ള തിരിച്ചുവരവാണ് ഐടി ഓഹരികളെ ഉയർത്തിയത്.പ്രൈവറ്റ് ബാങ്ക് 1.22 ശതമാനവും ബാങ്ക് നിഫ്റ്റി ബാങ്ക് 0.93 ശതമാനവും ഫിനാൻഷൽ സർവീസസ് 1.08 ശതമാനവും പൊതുമേഖല ബാങ്ക് ഓഹരികൾ 0.42 ശതമാനവും നേട്ടമുണ്ടാക്കി.
എഫ്്എംസിജി (0.20.), മീഡിയ (0.90.), മെറ്റൽ (0.89.) സൂചികകളിൽ മാത്രമാണ് ഇടിവുണ്ടാത്.
രണ്ടാംപാദത്തിൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനഫലം കന്പനികൾ കാഴ്ചവയ്ക്കുമെന്ന നിഗമനങ്ങളും വിപണിക്ക് ഉത്തേജനമേകി.
ആദ്യ പാദത്തിൽ ഒട്ടുമിക്ക കന്പനികളും പ്രതീക്ഷിച്ചതിലും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യൻ സന്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നതും ജിഎസ്ടിയിലെ പരിഷ്കാരം വാങ്ങൽശേഷി ഉയർത്തിയെന്ന വിലയിരുത്തലുകളും വിപണിയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.