ഒല ഇലക്ട്രിക്കിന് സർട്ടിഫിക്കറ്റ്
Monday, October 6, 2025 11:08 PM IST
ബംഗളൂരു: ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല ഇലക്ട്രിക് സ്വന്തമായി വികസിപ്പിച്ച അപൂർവ ഭൗമ കാന്തം ഉപയോഗിക്കാത്ത ഫെറീറ്റ് മോട്ടോറിന് സർക്കാർ സർട്ടിഫിക്കറ്റ്.ഇത്തരം സർട്ടിഫിക്കറ്റ് നേടുന്ന ആദ്യ ഇരുചക്ര ഇലക്ട്രിക് വാഹന നിർമാതാക്കളാണ് ഒല.
തമിഴ്നാട്ടിലെ ഗ്ലോബൽ ഓട്ടോമോട്ടീവ് റിസർച്ച് സെന്ററിൽ നടന്ന നിരവധി പരിശോധനകൾക്കുശേഷമാണ് ഒലയുടെ ഫെറീറ്റ് മോട്ടോറിന് സർട്ടിഫിക്കറ്റ് ലഭിച്ചത്. മോട്ടോർ, റോഡ് ഗതാഗത മന്ത്രാലയം നിശ്ചയിച്ച എഐഎസ് 041 നിലവാരത്തിലുള്ള പവർ ടെസ്റ്റുകൾ പൂർത്തിയാക്കി.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിനു കീഴിലുള്ള ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഒരു ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡാണ് എഐഎസ് 041.
ഒല വികസിപ്പിച്ച ഫെറൈറ്റ് മോട്ടോർ 7 കിലോവാട്ട്, 11കിലോവാട്ട് വേരിയന്റുകളുടെ നെറ്റ് പവറിന്റെ കാര്യത്തിൽ അപൂർവ ഭൗമ മാഗ്നറ്റ് മോട്ടോറുകളുടെ പ്രകടനവുമായി പൊരുത്തപ്പെടുന്നു.
ഇറക്കുമതി ചെയ്യുന്ന അപൂർവ എർത്ത് മോട്ടോറുകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്ന ഒരു വലിയ മുന്നേറ്റമാണ് ഒല നടത്തിയത്. കൂടാതെ ചെലവ് ഗണ്യമായി കുറയ്ക്കാനും വിതരണശൃംഖലയിലെ പ്രശ്നങ്ങൾ ഒഴിവാക്കാനുമാകും.