വോഡഫോണിന്റെ എജിആർ കുടിശിക
Monday, October 6, 2025 11:08 PM IST
ന്യൂഡൽഹി: ഇന്ത്യ-യുകെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വോഡഫോണിന്റെ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആർ) കുടിശിക ഒറ്റത്തവണയായി തീർപ്പാക്കുന്ന കാര്യം ഇന്ത്യ പരിഗണിച്ചേക്കും.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ നാളെ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ടെലികോം കന്പനിയുടെ കുടിശിക ഒറ്റത്തവണയായി തീർപ്പാക്കാനുള്ള ഉപാധി മുന്നോട്ടുവയ്ക്കുന്നത്.
കേന്ദ്രസർക്കാരുമായുള്ള വോഡഫോണിന്റെ ഒരു ലക്ഷത്തിലധികം രൂപയുടെ സാന്പത്തികത്തർക്കം കുടിശികയുടെ പലിശയും പിഴയും എഴുതിത്തള്ളുന്നതിലൂടെയും തങ്ങൾക്കു നൽകാനുള്ള മുതലിൽ ഇളവ് നൽകുന്നതിലൂടെയും ഒത്തുതീർപ്പാക്കാനാണു ശ്രമം.
യുകെയും ഇന്ത്യയും ഉഭയകക്ഷി വ്യാപാരകരാറിൽ ഒപ്പുവച്ചതിനു പിന്നാലെയാണ് അന്താരാഷ്ട്ര ടെലികോം ഭീമന്മാരായ വോഡഫോണിനു വന്പൻ ഇളവ് നൽകാൻ ഇന്ത്യ ഒരുങ്ങുന്നത്. എന്നാൽ യുകെ ആസ്ഥാനമായ കന്പനിക്ക് നൽകുന്ന ഇളവിലൂടെ കുടിശികയുള്ള മറ്റ് ടെലികോം ഓപ്പറേറ്റർമാരിൽനിന്ന് നിയമവെല്ലുവിളികളുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യാഗസ്ഥർ ഇതിനുള്ള ചട്ടക്കൂട് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര വാർത്താമാധ്യമമായ ‘ബ്ലൂംബെർഗ്’ റിപ്പോർട്ട് ചെയ്തു.
എജിആർ കുടിശികയുമായി ബന്ധപ്പെട്ട പിഴയും പിഴയുടെ പലിശയും ഉൾപ്പെടുന്ന 45,000 കോടിയിലധികം രൂപയുടെ കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടു വോഡഫോണ്‍ ഐഡിയ നൽകിയ ഹർജി സുപ്രീംകോടതി കഴിഞ്ഞ മേയിൽ തള്ളിയിരുന്നു.
എജിആർ കുടിശികയുമായി ബന്ധപ്പെട്ട് കേന്ദ്രം അധികമായി ചോദിക്കുന്ന 9450 കോടി രൂപ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ഇന്നലെ വോഡഫോണ്‍ ഐഡിയ സമർപ്പിച്ച ഹർജി സുപ്രീംകോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും.