ടൂറിസം മാനവവിഭവശേഷി വികസനം: കിറ്റ്സിന് ദേശീയ പുരസ്കാരം
Monday, October 6, 2025 11:08 PM IST
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന് (കിറ്റ്സ്) ദേശീയ പുരസ്കാരം.
ടൂറിസം മാനവവിഭവശേഷി വികസിപ്പിക്കുന്നതിലും തൊഴിൽ സംരംഭകത്വ അവസരങ്ങൾ സൃഷ്ടിക്കുന്നതിലുമുള്ള മികവിനാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി)യുടെ അംഗീകാരം കിറ്റ്സിന് ലഭിച്ചത്.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന 20-ാമത് ഫിക്കി അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയിൽ കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരിയിൽ നിന്നും കിറ്റ്സ് ഡയറക്ടർ ഡോ. എം.ആർ. ദിലീപ് അവാർഡ് സ്വീകരിച്ചു.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മികവ് കൈവരിച്ച സ്ഥാപനങ്ങളെ ആദരിക്കുന്നതിനുള്ള ഹയർ എജ്യുക്കേഷൻ ഏക്സലൻസ് അവാർഡ് 2025 ലെ ’എക്സലൻസ് ഇൻ ക്രിയേറ്റിംഗ് എംപ്ലോയ്മെന്റ് ആൻഡ് ഓൺട്രപ്രണർഷിപ്പ്’ എന്ന വിഭാഗത്തിലാണ് കിറ്റ്സ് പ്രത്യേക ജൂറി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
ഉന്നത നിലവാരത്തിലുള്ള പഠനം ഒരുക്കുന്നതിനോടൊപ്പം കാന്പസ് പ്ലേസ്മെന്റ് നൽകുന്നതിൽ ഇന്ത്യയിലെ തന്നെ ടൂറിസം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻപന്തിയിലാണ് കിറ്റ്സ്. കഴിഞ്ഞ വർഷം കിറ്റ്സിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ പ്ലേസ്മെന്റ് നൽകാനായി.