‘ഭാഗ്യം, ആ പട്ടം പോയല്ലോ’ ; ആശ്വാസത്തിൽ നെട്ടൂരിലെ വീട്ടമ്മ
Tuesday, October 7, 2025 1:03 AM IST
മരട്: ഓണം ബംപർ ഭാഗ്യവാൻ തുറവൂരിൽനിന്നു രംഗത്തെത്തിയതോടെ ആശ്വാസ നിശ്വാസമുതിർത്ത് നെട്ടൂരിലെ വീട്ടമ്മ. ബംപറടിച്ച ടിക്കറ്റ് വിറ്റ നെട്ടൂരിലെ ഏജന്റ് ലതീഷ് ഞായറാഴ്ച നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്ന് ഒരു ദിവസമാണ് നെട്ടൂരിലെ വീട്ടമ്മയെ നാട്ടുകാരും മറ്റും കോടീശ്വരിയായി കണ്ടത്.
നെട്ടൂരിൽ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീക്കാണ് ബംപറടിച്ചതെന്നാണ് താൻ കരുതുന്നതെന്നായിരുന്നു ലതീഷ് പറഞ്ഞത്. ഇതോടെ ഊഹാപോഹങ്ങളുടെ ഘോഷയാത്രയായിരുന്നു നെട്ടൂരിലും പരിസരങ്ങളിലും.
ലതീഷിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന്, ബംപറടിച്ചെന്നു സംശയിച്ചിരുന്ന സ്ത്രീയുടെ വീടിനെ ചുറ്റിപ്പറ്റിയായിരുന്നു പിന്നീട് വാർത്താ ചാനലുകളും മറ്റും. തനിക്ക് സമ്മാനമടിച്ചിട്ടില്ലെന്ന് ഇവർ പലയാവർത്തി പറഞ്ഞിട്ടും വിശ്വസിക്കാതിരുന്ന ചാനൽ സംഘങ്ങൾ ഞായറാഴ്ച രാത്രി മടങ്ങിയശേഷം തിങ്കളാഴ്ച രാവിലെ മുതൽ വീണ്ടും ഇവരുടെ വീട് കേന്ദ്രീകരിച്ച് തമ്പടിച്ചു. ഇവർക്കു ബംപർ അടിച്ചിട്ടില്ലെന്നു മനസിലാക്കിയ നാട്ടുകാർ വരെ ഒരുവേള മാധ്യമ സംഘങ്ങളെ ഇവിടെനിന്ന് ഓടിക്കേണ്ടിവരുമെന്ന് പറയുന്ന തരത്തിൽവരെയെത്തി കാര്യങ്ങൾ.
സ്ത്രീ ടിക്കറ്റുമായി ബാങ്കിലേക്ക് പോകുന്നതും കാത്തിരുന്നവർക്കിടയിലേക്കാണ് ബംപർ ഭാഗ്യവാൻ തുറവൂരിലാണെന്ന വാർത്തയെത്തിയത്. ഇതോടെയാണ് നെട്ടൂരിലെ വീട്ടമ്മയ്ക്കു സമാധാനമായി പുറത്തിറങ്ങാൻ കഴിഞ്ഞത്. ഇതിനിടെ, ബംപർ ഭാഗ്യവതിയായ വീട്ടമ്മയെ ചുറ്റിപ്പറ്റി എഐ ചിത്രത്തിന്റെ അകന്പടിയോടെ കദനകഥവരെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
അതേസമയം, ബംപർ ഭാഗ്യവാൻ ശരത് എസ്. നായർ ജോലി ചെയ്തിരുന്ന പെയിന്റ് ഗോഡൗണിന്റെ തൊട്ടടുത്തുതന്നെയായിരുന്നു ഒരു ദിവസത്തെ ബംപർ പട്ടം കിട്ടിയ വീട്ടമ്മയുടെ വീടെന്നതും യാദൃച്ഛികതയായി.
ഈ ഗോഡൗണിലെ ജീവനക്കാരനായ ശരത് ആറു വർഷത്തോളമായി ഇവിടെയാണു ജോലി ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെയും ഗോഡൗണിലെത്തിയ ശരത് ഉടൻതന്നെ അച്ഛന് സുഖമില്ലെന്നു പറഞ്ഞ് തുറവൂരിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറഞ്ഞത്.