മലയാളഭാഷയ്ക്കായി പ്രത്യേക വകുപ്പും ഡയറക്ടറേറ്റും
Tuesday, October 7, 2025 1:03 AM IST
തിരുവനന്തപുരം: മലയാളഭാഷയ്ക്കായി പ്രത്യേക വകുപ്പും ഡയറക്ടറേറ്റും രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന 2025ലെ മലയാളഭാഷാ ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു.
2015ൽ ‘മലയാളഭാഷാ വ്യാപനവും പരിപോഷണവും’ ബിൽ നിയമസഭ പാസാക്കിയിരുന്നെങ്കിലും സംസ്ഥാനത്തെ ഭാഷാ ന്യൂനപക്ഷങ്ങളായ തമിഴ്, കന്നട വിഭാഗങ്ങളുടെ അവകാശങ്ങൾ ലംഘിക്കുമെന്ന സംശയമുയർത്തി അന്നത്തെ ഗവർണർ ജസ്റ്റീസ് പി. സദാശിവം ബില്ല് രാഷ്ട്രപതിക്ക് അയച്ചിരുന്നു.
പത്ത് വർഷത്തിനുശേഷം 2025ൽ കാരണം പറയാതെ രാഷ്ട്രപതി ദ്രൗപദി മുർമു ബിൽ തള്ളി. ഇതോടെയാണ് പുതിയ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. ഔദ്യോഗിക ഭാഷ മലയാളമാക്കി എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിച്ച് ഭാഷയുടെ വളർച്ചയും വ്യാപനവും പരിപോഷണവും പരിപാലനവും ഉറപ്പുവരുത്തുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പിനെ ‘മലയാളഭാഷാ വികസന വകുപ്പ്’ എന്നു പുനർനാമകരണം ചെയ്യാനും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച് മലയാളഭാഷാ വികസന ഡയറക്ടറേറ്റ് രൂപീകരിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. സർക്കാർ ഉത്തരവുകൾ, ചട്ടങ്ങൾ, ബൈലോകൾ, റെഗുലേഷനുകൾ, ബില്ലുകൾ, ആക്ടുകൾ, ഓർഡിനൻസുകൾ എന്നിവ മലയാളത്തിലാക്കും.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പത്താംതരം വരെ നിർബന്ധിത ഒന്നാം ഭാഷയായി മലയാളം മാറും. മറ്റു ഭാഷകൾ മാതൃഭാഷയായവർക്ക് മലയാളം പഠിക്കാൻ അവസരമുണ്ടാകും. കേന്ദ്ര-സംസ്ഥാന നിയമങ്ങളും ഭേദഗതികളും നിശ്ചിത കാലയളവിനുള്ളിൽ മലയാളത്തിലേക്കു തർജമ ചെയ്ത് പ്രസിദ്ധപ്പെടുത്തും.
സാങ്കേതിക വിദ്യയിലും ഡിജിറ്റൽ മേഖലയിലും മലയാളത്തിനു കൂടുതൽ ഊന്നൽ നൽകി ഇ-ഗവേണൻസ്, സർക്കാർ വെബ്സൈറ്റുകൾ, പോർട്ടലുകൾ, മൊബൈൽ ആപ്പുകൾ എന്നിവയ്ക്ക് മലയാളം പതിപ്പ് ഉണ്ടാകും. ഏകീകൃത ലിപിവിന്യാസം ഉറപ്പാക്കും. ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ ട്രാൻസ്ലേഷൻ, മലയാളം യൂണികോഡ് ഏകീകരണം എന്നിവയ്ക്കു പിന്തുണ ഉറപ്പാക്കും.
ജില്ലാ കോടതികൾ മുതൽ താഴെയുള്ള കോടതികളിലെ ഭാഷയും വിധിന്യായവും ഹൈക്കോടതിയുടെ അനുമതിയോടെ മലയാളത്തിലാക്കും. അർധ ജുഡീഷൽ അധികാരമുള്ള സ്ഥാപനങ്ങളുടെ ഉത്തരവുകളും മലയാളത്തിലാകും.
സർവകലാശാലകൾ, ഉന്നത പഠനകേന്ദ്രങ്ങൾ, കോളജുകൾ എന്നിവിടങ്ങളിൽ മലയാളഭാഷാ പഠനം നിർബന്ധിതമാകാൻ വഴിയൊരുക്കും. പിഎസ്സി, സർക്കാർ നിയമനങ്ങൾ, മത്സര പരീക്ഷകൾ തുടങ്ങിയവയിൽ ഭാഷാപ്രാവീണ്യം മുഖ്യഘടകമാക്കാനുമുള്ള വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.