വാഹനം വിട്ടുകിട്ടാനുള്ള ദുല്‍ഖറിന്റെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
Tuesday, October 7, 2025 1:03 AM IST
കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിസ്കവറി ജീപ്പ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നടന് ദുല്‍ഖര്‍ സല്മാന് നല്കിയ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.
ഇന്നലെ ഹര്‍ജി ജസ്റ്റീസ് സിയാദ് റഹ്മാന് പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇന്നലെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യപ്പെട്ട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തന്റെ ഉടമസ്ഥയിലുള്ള വാഹനം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ഇവിടെ ഉപയോഗിക്കാനായി റെഡ്ക്രോസാണ് 2004 മോഡല്‍ വാഹനം ഇറക്കുമതി ചെയ്തത്. രേഖകളെല്ലാം ശരിയാണെന്ന വിശ്വാസത്തിലാണ് വാഹനം വാങ്ങിയത്. കൈവശമുള്ള ഈ രേഖകളെല്ലാം നല്‍കിയെങ്കിലും ഇവ പരിശോധിക്കാതെയാണ് വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്.
തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനം ആര്‍പീ പ്രമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് വാങ്ങിയത്. അഞ്ചു വര്‍ഷമായി വാഹനം ഉപയോഗിക്കുന്നുണ്ട്. വാഹനം പിടിച്ചെടുത്തതിന് ശേഷമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസമെടുക്കും. കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വാഹനം ശരിയായി സൂക്ഷിക്കില്ലെന്നുമാണ് ദുല്‍ഖറിന്റെ വാദം.