ഗാസ വെടിനിർത്തൽ: ഈജിപ്തിൽ ചർച്ച തുടങ്ങി
Monday, October 6, 2025 10:27 PM IST
കയ്റോ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ പദ്ധതിയിൽ ചർച്ച ആരംഭിച്ചു.
ചെങ്കടൽ തീരത്തെ ഈജിപ്ഷ്യൻ വിനോദസഞ്ചാരകേന്ദ്രമായ ഷാം എൽ ഷേഖിൽ നടക്കുന്ന പരോക്ഷ ചർച്ചയിൽ ഇസ്രേലി, ഹമാസ് പ്രതിനിധികളും മധ്യസ്ഥരായ അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
ട്രംപിന്റെ പദ്ധതി പ്രകാരം ഇസ്രേലി ബന്ദികളെ മുഴുവൻ ഉടൻ മോചിപ്പിക്കാനും ഗാസയുടെ ഭരണം സ്വതന്ത്ര സമിതിക്കു കൈമാറാനും തയാറാണെന്ന് ഹമാസ് അറിയിച്ചിരുന്നു. എന്നാൽ ഹമാസ് സംഘടനയെ നിരായുധീകരിക്കണം എന്ന നിർദേശത്തിൽ പ്രതികരണം നല്കിയില്ല. ഈ നിർദേശം ഹമാസ് അംഗീകരിക്കില്ലെന്നാണു സൂചന. ഇത് വെടിനിൽത്തൽ ചർച്ചയെ ഗുരുതരമായി ബാധിച്ചേക്കാം.
ഇസ്രേലി ഭാഗത്തുനിന്ന് ചാരസംഘടനകളായ മൊസാദ്, ഷിൻബെത്ത് എന്നിവയുടെ മേധാവിമാർ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫീർ ഫാൾക്ക്, ബന്ദിവിഷയം കൈകാര്യം ചെയ്യുന്ന ഹാൽ ഹിർഷ് എന്നിവർ ഇന്നലത്തെ ചർച്ചയിൽ പങ്കെടുത്തു. ഇസ്രേലി സംഘത്തിന്റെ നേതാവും കാബിനറ്റ് മന്ത്രിയുമായ റോൺ ഡെർമർ വരും ദിവസങ്ങളിലേ ഈജിപ്തിലെത്തൂ എന്നാണു സൂചന.
കഴിഞ്ഞമാസം ഇസ്രേലി സേന ഖത്തറിൽ വ്യോമാക്രമണം നടത്തി വധിക്കാൻ ശ്രമിച്ച നേതാവ് ഖലീൽ അൽ ഹയ്യ ആണ് ഹമാസ് പ്രതിനിധിസംഘത്തെ നയിക്കുന്നത്.
ഗാസയിൽ കസ്റ്റഡിയിലുള്ള ബന്ദികളുടെയും ഇസ്രേലി ജയിലുകളിലുള്ള പലസ്തീനികളുടെയും കൈമാറ്റം, ഗാസയിൽനിന്നുള്ള ഇസ്രേലി സേനയുടെ പിന്മാറ്റം തുടങ്ങിയ വിഷയങ്ങളാണ് ഇന്നലെ ചർച്ച ചെയ്തതെന്നു സൂചനയുണ്ട്.
ഹമാസിന്റെ നിരായുധീകരണം ചർച്ചയായോ എന്നതിൽ വ്യക്തതയില്ല. ഇസ്രേലി അധിനിവേശം അവസാനിച്ച് പലസ്തീൻ രാഷ്ട്രം രൂപവത്കൃതമാകുന്നതുവരെ ആയുധം താഴെവയ്ക്കില്ലെന്നാണ് ഹമാസ് വൃത്തങ്ങളുടെ നിലപാടെന്ന് വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും പലസ്തീൻ രാഷ്ട്രം രൂപവത്കരിക്കപ്പെടാൻ അനുവദിക്കില്ലെന്നും ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്.