വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം മൂന്നു പേർ പങ്കിട്ടു
Monday, October 6, 2025 10:27 PM IST
സ്റ്റോക്ക്ഹോം: 2025ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം മേരി ഇ. ബ്രോങ്കോവ് (64), ഫ്രെഡ് റാംസ്ഡെൽ (64), ഷിമോൺ സഗാഗുച്ചി (74) എന്നിവർക്ക്. പെരിഫറൽ ഇമ്യൂൺ ടോളറൻസുമായി (peripheral immune tolerance) ബന്ധപ്പെട്ട നിർണായക കണ്ടെത്തലുകൾക്കാണ് അംഗീകാരം.
സമ്മാനത്തുകയായ 1.1 കോടി സ്വീഡിഷ് ക്രോണർ (10.38 കോടി രൂപ) മൂവരും പങ്കിടും. രോഗപ്രതിരോധ ശേഷിയിൽ സുപ്രധാന പങ്കുവഹിക്കുന്ന ‘റെഗുലേറ്ററി ടി’ കോശങ്ങളെ തിരിച്ചറിഞ്ഞതാണ് മൂവരെയും ബഹുമതിക്ക് അർഹരാക്കിയത്.
ഓട്ടോഇമ്യൂൺ രോഗങ്ങൾ, കാൻസർ എന്നിവയെ കൂടുതൽ ഫലപ്രദമായി ചെറുക്കാൻ ഭാവിയിൽ ഈ കണ്ടെത്തൽ മനുഷ്യരാശിയെ സഹായിച്ചേക്കാമെന്നു വിലയിരുത്തപ്പെടുന്നു.
സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിസ്റ്റംസ് ബയോളജിയിലെ സീനിയർ പ്രോഗ്രാം മാനേജറാണ് ബ്രോങ്കോവ്. സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സിലെ സയന്റിഫിക് അഡ്വൈസറാണ് റാംസ്ഡെൽ. ജപ്പാനിലെ ഒസാക സർവകലാശാലയിലുള്ള ഇമ്യൂണോളജി ഫ്രോണ്ടിയർ റിസർച്ച് സെന്ററിലെ പ്രഫസറാണ് സഗാഗുച്ചി.
ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ ഇന്നും രസതന്ത്രത്തിനുള്ളത് നാളെയും സാഹിത്യത്തിനുള്ളത് വ്യാഴാഴ്ചയും പ്രഖ്യാപിക്കും. ശാസ്ത്രജ്ഞനും നൊബേൽ സമ്മാനങ്ങളുടെ സ്ഥാപകനുമായ ആൽഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബർ പത്തിനാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.