വേഗം തീരുമാനമുണ്ടാകണം: ട്രംപ്
Monday, October 6, 2025 10:27 PM IST
വാഷിംഗ്ടൺ ഡിസി: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലേർപ്പെട്ടിരിക്കുന്നവർ എത്രയും വേഗം കാര്യങ്ങൾ നീക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വെടിനിർത്തൽ പദ്ധതിയുടെ ആദ്യഘട്ടം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. സമയത്തിനു വിലയുണ്ടെന്നും അല്ലെങ്കിൽ വലിയ തോതിൽ രക്തം ചിന്തപ്പെടുമെന്നും ട്രംപ് സോഷ്യൽ മീഡിയാ കുറിപ്പിൽ പറഞ്ഞു.
ഗാസയിലെ ബന്ദികൾ ഉടൻതന്നെ മോചിതരാകുമെന്നു ട്രംപ് പിന്നീട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. വെടിനിർത്തലിനുള്ള തന്റെ പദ്ധതി ഇസ്രയേലിനും അറബ്, മുസ്ലിം രാജ്യങ്ങൾക്കും ലോകത്തിനും നല്ലതാണ്. എല്ലാവരും പദ്ധതിയിൽ സന്തുഷ്ടരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രേലി സേന ഗാസയിൽ ആക്രമണം തുടരുകയാണ്. ഗാസയിലെ ചില ഭാഗങ്ങളിൽ ബോംബിടുന്നത് നിർത്തിയെങ്കിലും വെടിനിർത്തൽ പ്രബല്യത്തിലില്ലെന്നാണ് ഇസ്രേലി സർക്കാർ വക്താവ് കഴിഞ്ഞദിവസം പറഞ്ഞത്. ബന്ദിമോചനം സാധ്യമാക്കാൻ ഇസ്രേലി സേന ആക്രമണം നിർത്തണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു.