പ്രധാനമന്ത്രി ലെകോർണു രാജിവച്ചു; ഫ്രാൻസിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി
Monday, October 6, 2025 10:27 PM IST
പാരീസ്: ഫ്രാൻസിനെ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്കു തള്ളിവിട്ട് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. 26 ദിവസം മുന്പ് പ്രധാനമന്ത്രിയായ അദ്ദേഹം പുതിയ മന്ത്രിസഭ രൂപവത്കരിച്ച് മണിക്കൂറുകൾക്കുള്ളിൽ രാജി പ്രഖ്യാപിക്കുകയായിരുന്നു.
രണ്ടു വർഷത്തിനിടെ ഫ്രാൻസിൽ അധികാരമേൽക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ലെകോർണു. മുൻ പ്രധാനമന്ത്രി ഫ്രാൻസ്വാ ബയ്റുവിന്റെ മന്ത്രിമാരെ നിലനിർത്തി കാബിനറ്റ് രൂപവത്കരിച്ചതാണു ലെകോർണുവിനു വിനയായത്.
പ്രധാന പാർട്ടികളെല്ലാം കാബിനറ്റിനെതിരേ രംഗത്തു വന്നിരുന്നു. ഇന്നലെ രാവിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ സന്ദർശിച്ച ലെകോർണു രാജി സമർപ്പിക്കുകയായിരുന്നു. പ്രധാമന്ത്രിയായി തുടരാനുള്ള സാഹചര്യം നിലവിലില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടികൾ മികച്ച പ്രകടനം നടത്തിയതിനു മറുപടിയായി ഫ്രാൻസിൽ ഇടക്കാല പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയ പ്രസിഡന്റ് മക്രോണിന്റെ രാഷ്ട്രീയ പരീക്ഷണം അന്പേ പരാജയപ്പെട്ടതിന്റെ തുടർച്ചയാണു ലെകോർണുവിന്റെ രാജി. തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ മക്രോണിന് സർക്കാർ രൂപവത്കരിക്കാൻ ഇതര കക്ഷികളുടെ സഹായം ആവശ്യമായി.
പുതിയ പ്രധാനമന്ത്രിയെ നിയമിക്കുക, പാർലമെന്റ് പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക, സ്വയം രാജിവയ്ക്കുക എന്നീ മാർഗങ്ങളാണു മക്രോണിനു മുന്നിലുള്ളത്. 207 വരെ കാലാവധിയുള്ള മക്രോൺ രാജിവയ്ക്കില്ലെന്നു നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഒരിക്കൽകൂടി തെരഞ്ഞെടുപ്പുണ്ടായാൽ തീവ്ര വലതുപക്ഷത്തിനു ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയുണ്ട്. തീവ്ര വലതുപപക്ഷ നേതാവ് മരീൻ ലെ പെൻ ഇടക്കാല തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.