ഇറേനിയൻ റിയാലിന്റെ നാലു പൂജ്യങ്ങൾ വെട്ടി
Monday, October 6, 2025 10:27 PM IST
ടെഹ്റാൻ: ഇറേനിയൻ കറൻസിയായ റിയാലിൽനിന്ന് നാലു പൂജ്യങ്ങൾ ഒഴിവാക്കുന്നു. ഇതോടെ, 10,000 റിയാലിന്റെ മൂല്യം ഒരു റിയാൽ ആയി പുനർനിശ്ചയിക്കും.
യുഎൻ ഉപരോധങ്ങൾ പ്രാബല്യത്തിലായതോടെ ഇറേനിയൻ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സ്വതന്ത്ര മാർക്കറ്റിൽ ഒരു യുഎസ് ഡോളർ ലഭിക്കാൻ 11.15 ലക്ഷം ഇറേനിയൻ റിയാൽ മുടക്കണമെന്നാണു റിപ്പോർട്ടുകളിൽ പറയുന്നത്. കറൻസി മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഇടപാടുകൾ നടത്താൻ വലിയ ബുദ്ധിമുട്ടാണ് ഇറേനിയൻ സ്ഥാപനങ്ങളും ജനങ്ങളും നേരിടുന്നത്.
ദീർഘനാളായി ഇറേനിയൻ റിയാലിന്റെ മൂല്യം താഴേക്കാണ്. ആണവക്കരാറിലെ വ്യവസ്ഥകൾ പാലിക്കാത്തതിന്റെ പേരിൽ യുഎൻ ഉപരോധങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടതോടെ കറൻസി മൂല്യം വീണ്ടും വൻതോതിൽ കുറഞ്ഞു.
പൂജ്യങ്ങൾ എടുത്തുമാറ്റാനുള്ള നിർദേശം നേരത്തേതന്നെ പരിഗണനയിലുണ്ടായിരുന്നതാണ്.മൂന്നു വർഷത്തിനുള്ളിലായിരിക്കും മാറ്റം നടപ്പാക്കുക. അതുവരെ പഴയതും പുതിയതുമായ നോട്ടുകൾക്കു സാധുത ഉണ്ടായിരിക്കും.