കഫ് സിറപ്പ് ദുരന്തം: ഡോക്ടറെ അറസ്റ്റ് ചെയ്തതിനെതിരേ മെഡിക്കൽ സംഘടനകൾ
Tuesday, October 7, 2025 1:52 AM IST
ന്യൂഡൽഹി: കഫ സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ 14ലധികം കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ അറസ്റ്റിലായ ഡോക്ടർക്കു പിന്തുണയുമായി മെഡിക്കൽ സംഘടനകൾ.
ദുരന്തത്തിന്റെ ഉത്തരവാദിത്വം ഡോക്ടറുടെ മേൽ കെട്ടിവയ്ക്കുന്നുവെന്നാരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനുമാണ് (ഫൈമ) ഡോക്ടർക്കു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തിൽ ന്യായമായ അന്വേഷണം നടത്തി അറസ്റ്റിലായ ഡോ. പ്രവീണ്‍ സോണിയെ ഉടൻ മോചിപ്പിക്കണമെന്നു സംഘടനകൾ ആവശ്യപ്പെട്ടു.
ഒരു സർക്കാർ ആശുപത്രി വിതരണം ചെയ്ത കഫ് സിറപ്പാണ് ഡോക്ടർ കുട്ടികൾക്കു നൽകിയതെന്നും സർക്കാർ വിതരണം ചെയ്ത മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടത് ഡോക്ടറുടെ ചുമതലയല്ലെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.
സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ മധ്യപ്രദേശിലേക്ക് വസ്തുതാന്വേഷണ സംഘത്തെ അയച്ചിട്ടുണ്ടെന്നും ഡോക്ടർ കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ ശിക്ഷയെ പിന്തുണയ്ക്കുമെന്നും എന്നാൽ ശരിയായ അന്വേഷണമില്ലാതെ ഒരു ഡോക്ടറെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും ഐഎംഎ പ്രസിഡന്റ് ഡോ.ദിലീപ് ബനുശാലി പറഞ്ഞു.
ലഭ്യമായ ഫോർമുലേഷനുകളുടെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ മരുന്നുകൾ നിർദേശിക്കുന്നതെന്നും നിർമാണത്തിലെ പിഴവുകൾക്ക് അവരെ ഉത്തരവാദികളാക്കാൻ കഴിയില്ലെന്നും ഫൈമയും പ്രതികരിച്ചു.