സീറ്റ് ചർച്ചകൾ ഊർജിതമാക്കി എൻഡിഎയും മഹാസഖ്യവും
Tuesday, October 7, 2025 1:52 AM IST
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ സീറ്റ് ചർച്ചകൾ ഊർജിതമാക്കി ഭരണമുന്നണിയായ എൻഡിഎയും പ്രതിപക്ഷസഖ്യമായ മഹാഗഡ്ബന്ധനും (മഹാസഖ്യം). ഭൂരിപക്ഷം സീറ്റുകളുടെയും കാര്യത്തിൽ ഇരു മുന്നണികൾക്കിടയിലും ധാരണയായിട്ടുണ്ടെന്നാണ് സൂചന. പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റ് വിഭജന പ്രഖ്യാപനം ഇന്നുണ്ടായേക്കും.
സീറ്റ് വിഭജനത്തിന്റെ അവസാനഘട്ട ചർച്ചയെന്ന നിലയിൽ കഴിഞ്ഞദിവസം മഹാസഖ്യത്തിലെ കക്ഷികളായ ആർജെഡി, കോണ്ഗ്രസ്, സിപിഎം (എം-എൽ), സിപിഐ, സിപിഎം, വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) എന്നിവയുടെ നേതാക്കൾ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു.
സഖ്യത്തിലെ സീറ്റ് വിഭജനം അന്തിമമായെന്നും ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകുമെന്നുമാണ് സിപിഎം നേതാവ് അജയ് കുമാറും വിഐപി പാർട്ടി അധ്യക്ഷൻ മുകേഷ് സഹാനിയും യോഗത്തിനുശേഷം പ്രതികരിച്ചത്.
മാസങ്ങൾ നീണ്ട ആലോചനകൾക്കുശേഷം എൻഡിഎയും സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയിൽ എത്തിച്ചേർന്നിട്ടുണ്ട്. ബിജെപിയേക്കാൾ ഒരു സീറ്റ് അധികം വേണമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യം ബിജെപി അംഗീകരിച്ചതായാണു സൂചന. അങ്ങനെയാണെങ്കിൽ 243 സീറ്റുകളുള്ള ബിഹാറിൽ ജെഡി(യു) 101 സീറ്റിലും ബിജെപി 100 സീറ്റിലുമായിരിക്കും മത്സരിക്കുക.
ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാർട്ടിയടക്കമുള്ള എൻഡിഎയുടെ മറ്റു ഘടകക്ഷികൾക്കാണ് ശേഷിക്കുന്ന സീറ്റുകൾ വിട്ടുനൽകിയിരിക്കുന്നത്.
മഹാസഖ്യത്തിൽ ചെറുകക്ഷികളെ ഉൾക്കൊള്ളിക്കാൻ ആർജെഡിയും കോണ്ഗ്രസും വിട്ടുവീഴ്ചയ്ക്കു തയാറായിട്ടുണ്ട്. കോണ്ഗ്രസ് കഴിഞ്ഞതവണ 70 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഇത്തവണ വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണു തീരുമാനം.
അങ്ങനെയാണെങ്കിൽ ആർജെഡി 130നോടടുത്ത് സീറ്റുകളിലും കോണ്ഗ്രസ് 50-55 സീറ്റുകളിലും ഇടതുപാർട്ടികൾ 35 സീറ്റുകളിലുമായിരിക്കും മത്സരിക്കുക.